ബെംഗളൂരുവില്‍ സ്കൂളിലെ ഒാഫിസ് മുറിയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പ്രധാന അധ്യാപകന് അറസ്റ്റില്‍. കേന്ദ്രീയ വിദ്യാലയത്തിലെ പ്രധാന അധ്യാപകന് കുമാര്‍ താക്കൂറാണ് പിടിയിലായത്. എന്നാല്‍ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതി ജാമ്യത്തിലിറങ്ങി.
ഹെബ്ബാള്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായ കുമാര്‍ താക്കൂര്‍ കൗണ്‍സിലിങ്ങിന് എന്ന വ്യാജേന പെണ്‍കുട്ടികളെ ഒാഫിസിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചിരുന്നത് നാല് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക അതിക്രമത്തിന് ഇരകളായത്. കുമാര്‍ താക്കൂറിന്റെ ചെയ്തികളെക്കുറിച്ച് സ്കൂളിലെ ചില അധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നു. എങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും പുറത്താക്കും എന്നുമുള്ള ഭീഷണികള്‍ക്കു മുന്നില്‍ മറ്റുള്ളവര്‍ നിശബ്ദരായി. കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും അശ്ലീല വാട്സ് ആപ് സന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവായിരുന്നു.
എന്നാല്‍ സ്കൂളിലെ ഒരു ജീവനക്കാരന് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്തിറിയുന്നത്. കുമാര്‍ താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലിറങ്ങി. ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്. കേന്ദ്രീയ വിദ്യാലയം കര്‍ണാടക ചൈല്‍ഡ് പ്രോട്ടക്ഷന്‍ പോളിസിയുടെ പരിധിയില്‍ വരാത്തതിനാല്‍ അധ്യാപകനതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ല.