ചെന്നൈയില്‍ 15 കോടി രൂപയുടെ ചന്ദനമുട്ടികള്‍ പിടികൂടി. തമിഴ്നാട് പൊലിസിന്റെ സഹായത്തോടെ ആന്ധ്രാപൊലിസാണ് ഒന്‍പത് ടണ്‍ ചന്ദനം പിടികൂടിയത്. പ്രതി ഒളിവിലാണ്.
ആന്ധ്രയിലെ ശേഷാചലം വനമേഖലയില്‍ നിന്ന് ചന്ദനം കടത്തിയതിന് കഴിഞ്ഞ ആറു മാസത്തിനിടെ പതിനഞ്ചോളം പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചെന്നൈ സ്വദേശി കാജാ മൊയ്തീന്റെ ഗോഡൗണില്‍ ആന്ധ്രാപ്രദേശ് പൊലിസ് തിരച്ചില്‍ നടത്തിയത്. തമിഴ്നാട് പൊലിസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. തുടര്‍ന്ന് ഇയാളുടെ ഗോഡൗണില്‍ സൂക്ഷിച്ച 9 ടണ്‍ ചന്ദന തടികള്‍ പിടികൂടി. ഇവയ്ക്ക് 15 കോടി രൂപ വിലമതിയ്ക്കും.
ആന്ധ്ര വനമേഖലയില്‍ നിന്ന് മോഷ്ടിച്ച ചന്ദന മരങ്ങള്‍ കുറഞ്ഞ പണം നല്കി കാജാ മൊയ്തീന് വാങ്ങുകയാണ് പതിവ്. ഇവ പിന്നീട് മൊത്ത വ്യാപാരികള്‍ക്ക് കൈമാറുമെന്നും പൊലിസ് പറഞ്ഞു. എന്നാല്‍ കാജാ മൊയ്തീനെ പിടികൂടാനായിട്ടില്ല. ഒളിവില്‍ പോയ ഇയാള്‍ അയല്‍ സംസ്ഥാനത്തേയ്ക്ക് കടന്നു കളഞ്ഞതായും സംശയിയ്ക്കുന്നു.