മലപ്പുറം മഞ്ചേരിയില്‍ 72 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് രണ്ടായിരം രൂപ നോട്ടുകളുടെ ഏറ്റവും വലിയ വേട്ടകളിലൊന്നാണ് മഞ്ചേരിയിലേത്
മഞ്ചേരി മാരിയാട് സ്വദേശികളായ പുലിക്കുത്ത് മന്‍സൂര്‍ അലി, മുത്തേങ്ങാടന് മുഹമ്മദ് ഷഹീദ് എന്നിവരെ അറസ്റ്റ് ചെയ്തു. നെല്ലിപ്പറമ്പില്‍ വച്ച് പിടികൂടിയ കാറിന്റെ ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിവിധ സീരീസുകളിലുള്ളതാണ് പിടിച്ചെടുത്ത നോട്ടുകള്‍. പണം എത്തിക്കാന്‍ ആവശ്യപ്പെട്ടയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാള്‍ രക്ഷപെട്ടു. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ബെംഗളുരുവും മൈസുരുവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് കുഴല്‍പ്പണ ഇടപാടിനുപിന്നിലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ മഞ്ചേരി, പൂക്കോട്ടൂര്‍, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇടപാട് നടത്തിയിരുന്നത്. രണ്ടുപേരെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ നേരത്തേ നടത്തിയ ഇടപാടുകളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരിയില്‍ നിന്ന് അടുത്തിടെ രണ്ടുകേസുകളില്‍ അന്പത്തിരണ്ടരലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു.