അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ഭര്‍ത്താവിന്റെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. ഭാര്യ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ഉണ്ടായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് കേസിന് തുമ്പുണ്ടായത്.
മനുഷ്യാവകാശ സംരക്ഷണ മിഷന് പ്രസിഡന്റ് ചെങ്ങാലൂര്‍ സ്വദേശി ജോണ്‍സനു നേരെയാണ് കഴിഞ്ഞ ദിവസം മുഖംമൂടി ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടു പേര് കൈ തല്ലിയൊടിച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം സ്ഥലംവിട്ടു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജോണ്‍സന്റെ ഭാര്യ അമലയുടെ ക്വട്ടേഷനായിരുന്നു ആക്രമണമെന്ന് കണ്ടെത്തി. ജോണ്‍സനും അമലയും പതിനൊന്നു വര്‍ഷമായി ഒന്നിച്ചാണ് താമസം. നിയമപരമായി വിവാഹിതരല്ല. മറ്റൊരു സ്ത്രീയുമായി ജോണ്സന് അടുപ്പമുണ്ടെന്ന സംശയമാണ് ക്വട്ടേഷന്‍ നല്കാന് കാരണം.
അമലയുടെ മകളുടെ സുഹൃത്ത് വിഷ്ണുവിനെയാണ് ദൗത്യം ഏല്പിച്ചത്. വിഷ്ണുവാകട്ടെ പുല്ലൂര്‍ സ്വദേശി അമിത്തിനെ ഒപ്പംകൂട്ടി. ഇരുവരും ബൈക്കില്‍ എത്തി ആക്രമിക്കുകയായിരുന്നു. മുരിങ്ങൂരില്‍ ആളൊഴിഞ്ഞ വഴിയില്‍ കഴിഞ്ഞ മുപ്പതിനായിരുന്നു സംഭവം. മനുഷ്യാവകാശ പ്രവര്‍ത്തകനായതിനാല്‍ നിരവധി ശത്രുക്കളുണ്ട്. ആക്രമിച്ചത് ആരാണെന്ന് കണ്ടെത്താന്‍ കഴിയില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഭാര്യ. പക്ഷേ, ഫോണ്‍ വിളികള്‍ പരിശോധിച്ചപ്പോള്‍ കുടുങ്ങി.