ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ വാഹനങ്ങള്‍ കുത്തിത്തുറന്ന് 25 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. മൂന്നു ദിവസത്തിനിടെയാണ് ഇയാള്‍ ഫോണുകള്‍ തട്ടിയെടുത്തത്. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ മന്‍സൂര്‍.
സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കാറുകള്‍ തുറക്കും. ക്ഷേത്രത്തിനകത്ത് തൊഴാന്‍ പോകുന്നവര്‍ മൊബൈല്‍ ഫോണുകള്‍ കാറില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇങ്ങനെ, കാറിനകത്തു നിന്ന് ഫോണ്‍ തട്ടിയെടുത്ത് മറിച്ചുവില്‍ക്കുകയാണ് പതിവ്. ഫോണുകള്‍ പഴയതാണെങ്കില്‍ എടുക്കാറില്ല. കണ്ണൂരിലാണ് വീട്. പേര് മന്‍സൂര്‍. മുപ്പത്തിരണ്ടു വയസ്. മട്ടന്നൂരില്‍ നിന്നാണ് ഗുരുവായൂര്‍ പൊലീസ് പിടികൂടിയത്.
പാലക്കാട് സ്വദേശികളുടെ രണ്ടു കാറുകളില്‍ നിന്നായി പതിനൊന്ന് സ്മാര്‍ട് ഫോണുകള്‍ മോഷ്ടിച്ചത് മന്‍സൂറാണെന്ന് പൊലീസ് കണ്ടെത്തി. റെന്‍ഡ് എ കാറുമായാണ് ഗുരുവായൂരിലേക്ക് വരുന്നത്. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തരെ നിരീക്ഷിച്ച ശേഷമാണ് കാര്‍ കുത്തിതുറക്കുന്നത്. മുംബൈയില്‍ നിന്ന് വാങ്ങിയ ഫോണുകള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പന്ത്രണ്ടു ഫോണുകള്‍ മട്ടന്നൂരില്‍ വിറ്റത്. 2016ല്‍ തൃശൂര്‍ പൂരത്തിനിടെ കാറില്‍ നിന്ന് ക്യാമറ മോഷ്ടിച്ച കേസിലെ പ്രതിയാണ്. തലശേരിയിലും മോഷണക്കേസുണ്ട്.