പാലക്കാട് ഒറ്റപ്പാലത്ത് വൻ കഞ്ചാവ് വേട്ട. ഇരുപതു കിലോ കഞ്ചാവുമായി കല്ലേപ്പുളളി സ്വദേശി കാജാഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് ട്രെയിനിലാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഒറ്റപ്പാലം കണ്ണിയംപുറത്ത് വാടകയ്ക്കു താമസിക്കുന്ന പാലക്കാട് കല്ലേപ്പുള്ളി ചുങ്കം മിൽമാറോഡിലെ കാജാ ഹുസൈനാണ് പ്രതി.പാലപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. ട്രെയിനിൽ കോയമ്പത്തൂരിൽ നിന്നെത്തിച്ച കഞ്ചാവ് ഇരുചക്രവാഹനത്തിൽ കയറ്റി കണ്ണിയംപുറത്തേക്ക് കടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. ഒൻപതു പൊതികളിലാക്കി ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ്. വാഹന മോഷണം ഉൾപ്പെടെ 18 കേസുകളിൽ പ്രതിയാണ് കാജാ ഹുസൈൻ.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കഞ്ചാവ് ചില്ലറ വിൽപ്പന നടത്തന്നതിന്റെ വിശദാശംങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത് വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.