തമിഴ്നാട്ടില്‍ ആയുധങ്ങളുമായി സബര്‍ബന്‍ ട്രെയിനില്‍ അഴിഞ്ഞാടിയ ആറ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടിവാള്‍ വീശിയും പടക്കം പൊട്ടിച്ചും ഭീകരന്തരീക്ഷം സൃഷ്ടിച്ചത് കോളജിലേക്കുള്ള യാത്രക്കിടയിലാണ്. സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
തിരുവള്ളൂരില്‍ നിന്നും ചെന്നൈയിലേക്കുള്ള സബര്‍ബന്‍ ട്രെയിനിലാണ് വിദ്യാര്‍ഥികളുടെ അഴിഞ്ഞാട്ടം. വടിവാളുകളുമായി ട്രെയിനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കോളജ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍റില്‍ വിട്ടു. തിരുവള്ളൂര്‍ ജയിലിലാണ് പ്രതികളിപ്പോള്‍. ചെന്നൈയിലെ പ്രസിഡന്‍സി കോളജിലേയും പച്ചയ്യപ്പാസ് കോളജിലേയും വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പുറത്തേക്ക് തൂങ്ങിനിന്ന് വളുകള്‍ വീശുകയായിരുന്നു. സ്റ്റേഷനുകളില്‍ ട്രെയിന്‍ കാത്തുനിന്നവരെ വാളുവീശി പേടിപ്പിച്ചു. അസഭ്യം പറഞ്ഞു. നിമിലിച്ചേരി റെയില്‍വെ സ്റ്റേഷനിലിറങ്ങിയ സംഘം പടക്കം പൊട്ടിക്കുകയും പ്ലാറ്റ്ഫോമില്‍ ഡാന്‍സ് കളിക്കുകയും ചെയ്തു. ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് ചാടിയിറങ്ങുകയും ഓടിക്കയറുകയും ചെയ്യുന്നതടക്കമുള്ള ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യാത്രക്കാരനായ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എസ്.ഐ.വി. പഴനിയുടെ നേതൃത്വത്തില്‍ പട്ടാഭിറാം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ചെറുതും വലുതുമായ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സബര്‍ബന്‍ ട്രെയിനുകളിലെ സുരക്ഷ വീഴ്ച സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ഈ സംഭവം.