രാജ്യത്ത് വീണ്ടും സ്കൂളിനുള്ളില്‍ പീഡനം. ഡല്‍ഹിയില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി സ്കൂളില്‍ ലൈംഗിക പീഡനത്തിന് ഇരയായി. മളവ്യാ നഗറിലുള്ള സന്ത് നിരങ്കാരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനിയെ തൂപ്പുകാരനാണ് പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിലെ ടൊയ്ലറ്റിനുള്ളില്‍ വച്ചാണ് ആറു വയസ്സുകാരിക്ക് നേരെ പീഡനം നടന്നത്. പ്രാഥമിക കാര്യങ്ങള്‍ക്കായി കുട്ടികളെ സഹായിക്കുന്ന സ്ത്രീ പുറത്തുപോയ സമയത്ത് പെണ്‍കുട്ടി ടൊയ്ലറ്റില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കുട്ടിയെ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതി ടൊയ്ലറ്റില്‍ പ്രവേശിപ്പിച്ചതും ഉപദ്രവിച്ചതും.
പിന്നീട് വീട്ടിലെത്തിയ കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കളെത്തി സ്കൂളില്‍ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. പോസ്കോ നിയമപ്രകാരം കേസെടുത്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് മാസം മുന്‍പാണ് ഇയാള്‍ സ്കൂളില്‍ ജോലിക്ക് ചേര്‍ന്നത്.