ആലപ്പുഴ ഹരിപ്പാട് വീട്ടില്‍കയറി യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഹരിപ്പാട് സ്വദേശി രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍പോയ കൊലയാളി സംഘത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
കൊലയാളി സംഘത്തില്‍പ്പെട്ട ഹരിപ്പാട് സ്വദേശികളായ ശിവപ്രസാദ്, ശിവപാലന്‍, ഷിബു, മുകേഷ്, മനു എന്നിവര്‍ക്കായി തിരച്ചില്‍ നടക്കുമ്പോഴാണ് ഇവരെ രക്ഷപെടാന്‍ സഹായിച്ച പ്രതിയെ പൊലീസ് പിടികൂടിയത്. ഹരിപ്പാട് സ്വദേശിയായ രഞ്ജിത്തിനെ റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളില്‍ ഒരാളുടെ വാഹനം എടുത്ത് റെയില്‍വെ സ്റേറഷനിലേയ്ക്ക് പോകും വഴിയാണ് രഞ്ജിത്ത് പിടിയിലായത്. വാഹനം റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കണമെന്നാണ് പ്രതികള്‍ രഞ്ജിത്തിനോട് പറഞ്ഞത്. രഞ്ജിത്ത് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലയാളി സംഘം ഒളിവിലാണെങ്കിലും സംസ്ഥാനം വിടാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് അരണപ്പുറം സ്വദേശി കുട്ടന് എന്ന ലിജോ വര്‍ഗീസിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് ഹരിപ്പാട് പൊലീസ് സ്ഥിരീകരിച്ചു. പല തവണ ലിജോയെ താക്കീത് ചെയ്തെങ്കിലും വീണ്ടും ബന്ധം തുടര്‍ന്നതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. മുഖംമൂടിയിട്ട് എത്തിയ അഞ്ചംഗസംഘം അരണപ്പുറത്തെ ലിജോ വര്‍ഗീസിന്റെ വീട്ടിനുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങിയ ലിജോയെ വെട്ടിവീഴ്ത്തി.
തടയാനെത്തിയ മൂത്തസഹോദരന് ലിജുവിന്റെ വയറിന് സാരമായി കുത്തേറ്റിരുന്നു. മറ്റൊരു സഹോദരന്റെ കാലിനും വെട്ടേറ്റിട്ടുണ്ട്. ബന്ധുവായ ജാക്സനും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ മൂവരും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കൊലയാളി സംഘങ്ങളില്‍ ചിലര്‍ ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.