മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം. പഞ്ചലോഹ വിഗ്രഹം തകർത്തു. ഭണ്ഡാരം കുത്തിപൊളിച്ച് 25000 രൂപ മോഷ്ടിച്ചു. ക്ഷേത്രത്തിന്റെ ഓട് ഇളക്കിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
രാവിലെ അഞ്ചുമണിക്ക് പൂജക്കെത്തിയ ശാന്തിക്കാരനാണ് ശ്രീകോവിലിന്റെ നട തുറന്നു കിടക്കുന്നത് കണ്ടത്.തുടർന്ന് ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ പൊലിസിൽ വിവരം അറിയിച്ചു.ശ്രീകോവിലിന്റെ.വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്.പഞ്ചലോഹ വിഗ്രഹം തകർത്തിട്ടുണ്ട്. വിഗ്രഹത്തിലുണ്ടായിരുന്ന സ്വർണ ലോക്കറ്റും ക്ഷേത്രത്തിനുള്ളിലെ രണ്ടു ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചു.
ഒരാൾക്ക് ഉള്ളിൽ കയറാൻ പാകത്തിൽ ഒാട് ഇളക്കി മാറ്റിയിട്ടുണ്ട്.കഴിഞ്ഞ രണ്ടു ദിവസമായി ആ പ്രദേശത്ത് പരിചയമില്ലാത്ത ഒരാൾ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചിരുന്നുവെന്ന് ഭരണ സമിതി അംഗങ്ങൾ പറയുന്നു.ഇയാൾ തമിഴ് കലർന്ന മലയാളത്തിലാണ് സംസാരിച്ചിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.കോട്ടക്കൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.