മലപ്പുറം എടരിക്കോട് ഗ്രാമപഞ്ചായത്ത് വനിത അസിസ്റ്റന്റ് എൻജിനീയറെ വൈസ് പ്രസിഡന്റ് മർദിച്ചതായി പരാതി. യൂത്ത് ലീഗ് ജില്ല ട്രഷറർ കൂടിയായ വി.ടി.സുബൈർ തങ്ങൾക്കെതിരെ പൊലിസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി.
അസിസ്റ്റന്റ് എൻജിനീയറുടെ മുറിയിലേക്ക് ക്ഷോഭത്തോടെ ഒാടിക്കയറിയ വി.ടി. സുബൈർ അസഭ്യവർഷം നടത്തി. വനിതയാണന്ന് പോലും പരിഗണിക്കാതെ കസേരയിൽ നിന്ന് മറിച്ചിട്ടും ഒാഫീസ് ഫയലുകൾ വലിച്ചു കീറിയെന്നുമാണ് സുബൈർ തങ്ങൾക്കെതിരെയുളള പരാതി. ഒാഡിറ്റിങ് നടത്തുന്ന സമയത്ത് ഒാഫീസില്‍ എത്തിയവരോട് മൂന്നു മണിക്ക് ശേഷം വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ നിർദേശപ്രകാരം എത്തിയവരെ മടക്കി അയച്ചെന്നാരോപിച്ചായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ ആക്രമണം.
വൈസ് പ്രസിഡന്റിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവി, വനിതാ സെൽ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് പരാതി നൽകി.