തൃശൂരില്‍ കഞ്ചാവുമായി ട്രെയിനിറങ്ങിയ യുവാവിനെ എക്സൈസ് സംഘം കയ്യോടെ പിടികൂടി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ആസിഫാണ് ഒന്നേകാല്‍ക്കിലോ കഞ്ചാവുമായി കുടുങ്ങിയത്.
കാസര്‍കോട് നിന്ന് തൃശൂരിലേക്ക് വന്‍തോതില്‍ കഞ്ചാവ് വരുന്നത് ട്രെയിന്‍ വഴിയാണെന്ന് എക്സൈസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ തോതില്‍ കഞ്ചാവുമായി പിടികൂടിയ എട്ടു പേരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. ഇവരെ മുന്നില്‍ നിര്‍ത്തി എക്സൈസ് കളിച്ച നാടകത്തില്‍ വീണത് കാസര്‍കോട് നിന്നെത്തിയ കഞ്ചാവ് മൊത്തക്കച്ചവടക്കാരന്. റയില്‍വേ സ്റ്റേഷന്റെ പുറകിലുള്ള റോഡില്‍ വരാന്‍ പറഞ്ഞപ്രകാരം കഞ്ചാവുമായി എത്തിയ മുഹമ്മദ് ആസിഫിന് ആവശ്യക്കാര്‍ എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് മനസിലായില്ല. കഞ്ചാവ് കാണിച്ച ഉടനെ, കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കിലോയ്ക്കു നാല്പതിനായിരമാണ് കാസര്‍കോട് സംഘം വാങ്ങുന്നത്. ഇതു ചെറിയ പൊതികളിലായി വില്ക്കുമ്പോള് എഴുപതിനായിരം രൂപയോളം കിട്ടും. കഞ്ചാവിന്റെ മണം പുറത്തറിയാതിരിക്കാന്‍ പുല്‍ത്തൈലം പുരട്ടിയ പായ്ക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വില്പന ശൃംഖലയിലെ കണ്ണികളെ കുടുക്കാന്‍ അന്വേഷണം തുടരുകയാണ്.