തൃശൂര്‍ എടക്കളത്തൂരില്‍ അമ്മയേയും പെണ്‍കുഞ്ഞിനേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒന്നരമാസം മുന്‍പ് കോഴിക്കോട് കുണ്ടുപറമ്പില്‍ നിന്ന് സമാനമായ സാഹചര്യത്തില്‍ വീട്ടമ്മയെയും മകളെയും കാണാതായതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിനിയുടെ തിരോധാനത്തില്‍ പൊലീസിന് ഇതുവരെ തുമ്പുപോലും ലഭിച്ചിട്ടില്ല.
തൃശൂര്‍ എടക്കളത്തൂര്‍ സ്വദേശിയായ സുധീറിന്റെ ഭാര്യ സൗമ്യയും മൂന്നു വയസുകാരി മകള്‍ ആദിശ്രീയേയും രണ്ടു ദിവസം മുമ്പാണ് കാണാതായത്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ തൃശൂര്‍ റയില്‍വേ സ്റ്റേഷന് പരിസരത്ത് വച്ചാണ് അവസാനം സ്വിച്ച് ഓഫ് ആയത്. പിന്നീട്, ഇതുവരെ ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. മുപ്പതിനായിരം രൂപയും കൊണ്ടുപോയിട്ടുണ്ട്. വീട്ടിലെ മറ്റു ഫൊട്ടോകളും നശിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നു. മൂത്ത രണ്ടു മക്കളെ കൂടെ കൂട്ടിയിട്ടില്ല. മൂന്നാമത്തെ കുഞ്ഞിനെ മാത്രമാണ് ഒപ്പം കൂട്ടിയത്. തിരോധാനത്തില്‍ ദുരൂഹതകള്‍ ഇനിയും ബാക്കിയാണ്. റയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും സൗമ്യയുടേയും കുഞ്ഞിന്റേയും ദൃശ്യങ്ങളും കിട്ടിയിട്ടില്ല.
ഫോണ്‍ കോള്‍ വിവരങ്ങളില്‍ സംശയത്തക്കതൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സമാനമായ തിരോധനമാണ് അന്‍പതു ദിവസം മുമ്പ് കോഴിക്കോട്ട് നടന്നത്. കുണ്ടൂപറമ്പ് സ്വദേശിനി ദീപ്തി, മകള്‍ ശിഖ എന്നിവരെയാണ് കാണാതായത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധിയിടങ്ങളില്‍ പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ കൂട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി അജിത്തിനെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. വീട്ടമ്മമാരെ പെണ്‍കുഞ്ഞുങ്ങളെ സഹിതം കാണാതാകുന്നത് കേരള പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.