സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് എംഎൽഎ ഹോസ്റ്റലിനുള്ളിൽ മോഷണം. തീയണയ്ക്കുന്നതിനായി മൂന്ന് ബ്ലോക്കുകളിൽ സ്ഥാപിച്ച വിലപിടിപ്പുള്ള ഉപകരണങ്ങളാണ് നഷ്ടപ്പെട്ടത്.ചീഫ് മാർഷലിന്റെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങി.
എം എൽ എ ഹോസ്റ്റലിലെ നെയ്യാർ , ചന്ദ്രഗിരി , പെരിയാർ ബ്ലോക്കുകളിലാണ് മോഷണം . സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂന്ന് കെട്ടിടങ്ങളിൽ സ്ഥാപിച്ച തീയണയ്ക്കുന്നതിനുള്ള വിലപിടിപ്പുള്ള ഉപകരണങ്ങളാണ് കവർന്നത്. പല ഘട്ടങ്ങളായാണ് ഉപകരണങ്ങൾ കടത്തിയതെന്നാണ് കണ്ടെത്തൽ. ചീഫ് മാർഷ·ലിന്റെ മേൽനോട്ടത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി.
അന്വേഷണത്തിലെ കണ്ടെത്തലുകൾ സ്പീക്കറുടെ ഒാഫീസിനെ അറിയിച്ച ശേഷം അദേഹത്തിന്റെ അനുമതിയോടെയാകും പൊലീസിന് പരാതി കൈമാറുന്നതടക്കമുള്ള തുടർ നടപടികൾ. കർശന സുരക്ഷാ സംവിധാനങ്ങളുള്ള എംഎൽഎ ഹോസ്റ്റലിനുള്ളിൽ പുറത്തുനിന്നുള്ളവർ കടന്ന് മോഷണം നടത്താനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് അധികൃതർ. അതുകൊണ്ടുതന്നെ ഹോസ്റ്റലിനുള്ളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിശോധന തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ചീഫ് മാർഷൽ അറിയിച്ചു.