തൃശൂര്‍ മാളയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ബംഗാള്‍ സ്വദേശി ബലിറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബലിറാമിന്റെ ഭാര്യയെ മരിച്ചയാളുടെ സഹോദരന് തട്ടിക്കൊണ്ടു പോയതിന്റെ പകതീര്‍ക്കാനായിരുന്നു കൊലപാതകം.
മാള പാളയംപറമ്പിലെ തോടിന്റെ അരികിലാണ് മൃതദേഹം കണ്ടെത്തിയത്. അസംമുകാരനായ ജാഷിറുള് ഇസ്ലാമാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാലു വയസായിരുന്നു. കൊലയാളിയായ ബംഗാളി ബലിറാമിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. പ്രതിയുടെ ഭാര്യ കാമുകനോടൊപ്പം കൊച്ചിയിലേക്ക് മുങ്ങിയിരുന്നു. ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തില്‍ കാമുകനോട് പ്രതികാരം ചെയ്യാനായിരുന്നു പദ്ധതി. കാമുകനെ കിട്ടാതെ വന്നതോടെ സഹോദരനെ തലയ്ക്കടിച്ച് കൊന്ന് പ്രതികാരം തീര്‍ത്തു.
ഹോട്ടല്‍ പണിക്കാരനാണ് കൊല്ലപ്പെട്ടയാള്‍. രാത്രി ഹോട്ടലിലെ പണി കഴിഞ്ഞു മടങ്ങുമ്പോള്‍ തോടിന്റെ അരികില്‍ പതുങ്ങിയിരുന്ന് കല്ലുക്കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവ ശേഷം മുങ്ങിയ പ്രതിയെ തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പൊലീസ് കുടുക്കിയത്. രണ്ടു ദിവസത്തിനിടെ ഇതു രണ്ടാമത്തെ കൊലപാതകമാണ് തൃശൂരില്‍. രണ്ടിടത്തും കൊല്ലപ്പെട്ടത് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളും ഇതരസംസ്ഥാന തൊഴിലാളികള്‍തന്നെ.