ആക്രമിക്കപ്പെട്ട യുവനടിയെ നടന് ദിലീപ്, ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന കാര്യം സിനിമാലോകത്തെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിയാമായിരുന്നുവെന്നു പൊലീസ്. ഇക്കാര്യത്തെ കുറിച്ചു വ്യക്തമായി ധാരണയുണ്ടായിരുന്ന അഭിനേതാക്കളടക്കമുളളവരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കി. പട്ടികയിലുള്‍പ്പെട്ട താരങ്ങളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുളള ശത്രുത സിനിമാ ലോകത്തെ പരസ്യമായ രഹസ്യമായിരുന്നു. ഇരുവരും തമ്മിലുളള വ്യക്തിപരമായ പ്രശ്നങ്ങള്ക്കുറിച്ചുളള അറിവിനപ്പുറം, ദിലീപ് ഏതെങ്കിലും തരത്തില്‍ നടിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം സിനിമയിലെ പല പ്രമുഖര്‍ക്കും അറിയാമായിരുന്നെന്ന സൂചനയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. മുതിര്‍ന്ന നടന്മാരടക്കം ഇതേപറ്റി കൃത്യമായി ധാരണയുണ്ടായിരുന്നവരുടെ പട്ടികയും അന്വേഷണ സംഘം തയാറാക്കി. മറ്റു സമ്മര്ദ്ദങ്ങളൊന്നുമുണ്ടായില്ലെങ്കില് വലിപ്പച്ചെറുപ്പമില്ലാതെ ഈ പട്ടികയിലെ മുഴുവനാളുകളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിലീപിനു നടിയോടുളള പകയുടെ ആഴമറിയാമായിരുന്നിട്ടും ഇക്കാര്യം എന്തിനു മറച്ചുവച്ചെന്നതിനെ പറ്റിയാവും ഇവരോടു മുഖ്യമായും ചോദിക്കുക. ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പു നടന്ന അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ചു സംസാരിച്ചവര്‍ ആരൊക്കെയെന്ന കാര്യവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതും പ്രധാനമായും അമ്മ യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അറിയാനായിരുന്നു.
ഇതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയ പശ്ചാത്തലത്തില്‍ ദിലീപിന്റെ സഹായി അപ്പുണ്ണിക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്കി. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം.