സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ തലയ്ക്കടിച്ച് കൊന്നു. തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലാണ് സംഭവം. ഡിണ്ടിഗല്‍ സിറുമലൈ പുത്തൂരില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വെട്ടേറ്റുമരിച്ച നിലയിലും കണ്ടത്തി. ഇരുവരും മദ്യപിച്ചിരുന്നതായാണ് പൊലീസ് നിഗമനം.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യശാലകള്‍ക്കെതിരായ സമരം നടന്നുവരുന്നുണ്ട്. ഇതിനിടയിലാണ് മദ്യപാനം മൂലമുള്ള ദാരുണസംഭവങ്ങള്‍. ഡിണ്ടിഗല്‍ ജില്ലയിലെ ആത്തൂരിലെ മുപ്പത്തിയഞ്ചുകാരന് പാര്‍ഥിപനെയാണ് അമ്മ മാരിയമ്മാള്‍ തലയ്ക്കടിച്ചു കൊന്നത്. സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുമായിരുന്നു. ശല്യം സഹിക്കാതായപ്പോഴാണ് , മദ്യപിച്ച് കിടന്ന പാര്‍ഥിപനെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാരിയമ്മാളിനെ ചിന്നാലംമ്പട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
ഇതേ ജില്ലയിലെ സിറുമലൈപുത്തൂരില് രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ വെട്ടിക്കൊന്ന നിലയിലും കണ്ടെത്തി. ബെവ്റിജസ് ഔട്ട്ലറ്റിന് നൂറുമീറ്റര്‍ അപ്പുറത്തുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടത്. സമീപത്തുനിന്നും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. മദ്യപിച്ചുകൊണ്ടിരുന്ന ഇരുവരും എങ്ങനെ കൊലചെയ്യപ്പെട്ടു എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.