പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ചാവക്കാട് സ്വദേശി വി.കെ അബ്ദുള്‍ ഗഫൂറാണ് പിടിയിലായത്. ആയുർവേദ ഡോക്ടര്‍ എന്ന വ്യാജ പേരില്‍ വര്‍ഷങ്ങളായി ഇയാള്‍ പ്രാക്ടീസ് നടത്തിവരികയായിരുന്നു.
മപ്പാട്ടുകരിയില് ക്ലിനിക് നടത്തിയിരുന്ന ഇയാളില്‍നിന്ന് അലര്‍ജിക്ക് മരുന്നു വാങ്ങി കഴിച്ച ഒരാള്‍ക്ക് അസുഖം കൂടിയതോടെ ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്.ഐ: പി എം ലിബിയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വ്യാജഡോക്ടറാണെന്ന് കണ്ടെത്തിയത്.
ഡോ. കെ. വി. അബ്ദുള്‍ ഗഫൂര്‍ എന്ന പേരില്‍ ഇയാള്‍ പ്രാക്ടീസ് നടത്തുകയായിരുന്നു. അല്‍ ശിഫാ എന്ന പേരിലാണ് ഇയാളുടെ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കുന്നുംകുളം, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി എന്നിവിടങ്ങളിലും പ്രാക്ടീസ് നടത്തിയതായി പൊലീസ് കണ്ടെത്തി. ബോര്‍ഡില്‍ മറ്റൊരാളുടെ പേരുകൂടിയുണ്ടെങ്കിലും ഇയാള്‍ ഇപ്പോള്‍ കുവൈത്തിലാണെന്ന് അറിവായി.
പാരമ്പര്യ വൈദ്യനാണെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനുള്ള രേഖകളൊന്നും കൈവശമില്ലായിരുന്നു. വാത രോഗം മുതല്‍ ലൈംഗിക രോഗങ്ങള്‍ക്കു വരെ ചികിത്സ നടത്തുന്നുന്നുണ്ട്. ഇയാള്‍ നടത്തുന്ന സ്ഥാപനത്തില്‍നിന്നു കുറെ മരുന്നുകളും ചികിത്സാ സംബന്ധമായ നോട്ടീസ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.