തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ അറസ്റ്റില്‍. വഴിയരികില്‍ മാര്‍ഗതടസമുണ്ടാക്കിയ ബൈക്ക് മാറ്റാന്‍ പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. മുഖത്ത് ഇടിയേറ്റതോടെ യുവാവ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ ഞായറാഴ്ച പട്ടാപകലായിരുന്നു സംഭവം. കൊരട്ടി ദേശീയപാതയോരത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ചാലക്കുടി സ്വദേശി വിപിനാണ് മര്‍ദ്ദനമേറ്റത്. വിപിന്റെ ജീപ്പ് പാര്‍ക്ക് ചെയ്തതിന് പുറകില്‍ ഒരു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. ഈ ബൈക്ക് മാറ്റാന്‍ പറഞ്ഞതിന്റെ പ്രകോപനത്തിലാണ് മര്‍ദ്ദനമേറ്റത്. മുഖത്ത് ഇടിയേറ്റതോടെ മൂക്കിന്റെ പാലം പൊട്ടി. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ് പരാതിക്കാരന്.
പൊലീസ് അന്വേഷണം തുടങ്ങിയ സമയത്ത് ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമായിരുന്നില്ല. പിന്നീട്, ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജയില്‍ ഉദ്യോഗസ്ഥനില്‍ എത്തിച്ചത്. കൊച്ചി സ്വദേശി പി.സിംസണ്‍ ആണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് കണ്ടെത്തി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറാണ് സിംസണ്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 325 പ്രകാരമാണ് കേസ്. സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.