കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ വെല്‍ഡിങ് തൊഴിലാളിയെ തല്ലിക്കൊന്നു. വഴിയരികില്‍ ചോരയില്‍മുങ്ങി കിടന്നിരുന്ന യുവരാജ് എന്നയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഹൊസൂരിലെ തേര്പ്പേട്ടയില് വെല്‍ഡിങ് തൊഴിലാളിയായിരുന്നു യുവരാജ്. പതിവില്‍ നിന്നും വിപരീതമായി ഇന്ന് ജോലിക്ക് പോയിരുന്നില്ല. രാവിലെ മക്കളെ സ്കൂളില്‍ കൊണ്ടുവിട്ട് തിരിച്ച് വന്ന് വീട്ടില്‍ത്തന്നെ വിശ്രമിക്കുയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്കൂളില്‍നിന്നും മക്കളെ തിരിച്ചുകൊണ്ടുവരാന്‍ ഭാര്യ സത്യയാണ് പോയത്. പോകുന്ന സമയത്ത് യുരാജ്, സത്യ മക്കളുമായി തിരിച്ചുവന്നപ്പോള്‍ വീട്ടിലാളുണ്ടായിരുന്നില്ല. പുറത്ത് സുഹൃത്തുക്കളെ കാണാന്‍ പോയതാണെന്നാണ് ഭാര്യ കരുതിയത്. എന്നാല്‍ വൈകുന്നേരത്തോടെ നാട്ടുകാരാണ് മരണവിവരം അറിയിച്ചത്. കല്ലുകൊണ്ട് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചിരുന്നു.
നാട്ടുകാര്‍ കാണുമ്പോള്‍, വഴിയരികില്‍ ചോരയില്‍കുളിച്ച് കിടക്കുകയായിരുന്നു യുവരാജ്. ജീവനുണ്ടെന്ന മനസിലാക്കിയ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവിന് ശത്രുക്കള്‍ ആരെങ്കിലും ഉള്ളതായി അറിയില്ലെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അക്രമിച്ചതാകാം എന്ന നിലപാടിലാണ് പൊലീസ്. പ്രതികള്‍ക്കായി ഹൊസൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരാണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളുമാണ് ഇയാള്‍ക്കുള്ളത്.