E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ദിലീപിന്റെ അറസ്റ്റ് നൽകുന്ന പാഠങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kr-meera-dileep
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ നായകനടനായ ദിലീപ് അറസ്റ്റിലാകുമ്പോൾ അതു സമൂഹത്തിനു നൽകുന്ന പാഠങ്ങൾ വളരെ നിർണായകമാണ്. സ്ത്രീപീഡനം ഒരു ക്രമിനൽ കുറ്റമാണെന്നും എത്ര വമ്പനായാലും നിയമത്തിനു മുന്നിൽ രക്ഷയില്ലെന്നും ശക്തമായ സന്ദേശം ഈ സംഭവം നൽകുന്നു. ആക്രമിക്കപ്പെടുന്നവൾക്കല്ല, അക്രമിക്കാണു യഥാർഥത്തിൽ മാനഭംഗം സംഭവിക്കുന്നതെന്ന് ഇതു തെളിയിക്കുന്നു. പേടിച്ചോടുന്നതിനു പകരം തിരിഞ്ഞു നിൽക്കുമ്പോൾ, അക്രമത്തെ അക്രമം എന്ന് ഉറക്കെ വിളിക്കുമ്പോൾ, പരാതിപ്പെടുമ്പോൾ, ആക്രമിക്കപ്പെടുന്നവളുടെ മാനം വർധിക്കുകയാണ് എന്നു വ്യക്തമാകുന്നു. 

ഈ അനുഭവങ്ങൾ കേരളത്തിനും മലയാളികൾക്കും പുതിയതാണ്. നാം നമ്മുടെ സമൂഹത്തെ ഇതുവരെ പരിശീലിപ്പിച്ചിരുന്ന കാഴ്ചപ്പാടുകൾ ഇതോടെ പാടേ മാറുന്നു. കേരള പോലീസിന്റെ നിഷ്പക്ഷത തെളിയിക്കാനും അതുവഴി സാധാരണക്കാർക്കു നിയമവ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനും ഈ സംഭവം കാരണമായി. കാൽനൂറ്റാണ്ടിനിടയിൽ ഇവിടെ സംഭവിച്ച ക്രൂരമായ സ്ത്രീപീഡനങ്ങളില്‍ ഈ വിധം ശക്തമായ നടപടികള്‍ സ്വീകരിക്കപ്പെട്ടിരുന്നെങ്കിൽ വളരെ മുൻപു തന്നെ മാറ്റം സാധ്യമാകുമായിരുന്നു. സൂര്യനെല്ലി, വിതുര, തോപ്പുംപടി, പന്തളം സംഭവങ്ങളൊക്കെ നമുക്ക് ഒഴിവാക്കാമായിരുന്നു. ശാരിയും അനഘയും ഷൈനിയും പോലെ അസംഖ്യം ഇരകളുടെ ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു. ഒരുപക്ഷേ, സൗമ്യയുടെയും ജിഷയുടെയും, റിപ്പോർട്ട് ചെയ്യപ്പെട്ടും ചെയ്യപ്പെടാതെയും മൺമറഞ്ഞ എണ്ണമറ്റ മറ്റു സ്ത്രീകളുടെയും ദാരുണകൊലപാതകങ്ങളും ഒഴിവാക്കാമായിരുന്നു.

സ്ത്രീയുടെ തുല്യപൗരത്വം സംബന്ധിച്ച് ഇന്നും വിദ്യാസമ്പന്നർക്കുപോലും ആശയക്കുഴപ്പമുണ്ട്. സ്ത്രീ പുരുഷനെ അനുസരിച്ചും അവനു കീഴ്പെട്ടും ജീവിക്കേണ്ടവളാണെന്നും അവൾ ത്യാഗങ്ങളിലൂടെ കുടുംബത്തെ നിലനിർത്താൻ ബാധ്യതപ്പെട്ടവളാണെന്നുമുള്ള പാഠങ്ങൾ തിരുത്തിയെഴുതാൻ ഇക്കാലത്തും നമ്മുടെ സമൂഹം സന്നദ്ധമല്ല. ഈ രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് സ്ത്രീയും പുരുഷനും ട്രാൻസ് ജെൻഡറുകളും തുല്യരായ പൗരൻമാരാണ് എന്നു പറയുമ്പോഴും അതു നാം ഉൾക്കൊള്ളുകയോ, അതനുസരിച്ചു പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. ലോക ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളാണ്. ഈ ലോകത്തെ ഭൂമിയിലും വെള്ളത്തിലും അധികാരത്തിലും പകുതി അവർക്ക് അവകാശപ്പെട്ടതാണ്. അവളുടെ ശാരീരികവും മാനസികവുമായ അധ്വാനമാണ് ബാക്കി പകുതിയുടെ സുഖസൗകര്യങ്ങളുടെയും അധികാരത്തിന്റെയും അടിത്തറ. അവള്‍ ഭക്ഷണം പാകം ചെയ്തില്ലെങ്കിൽ, അടിച്ചു വാരിയില്ലെങ്കിൽ, വസ്ത്രങ്ങൾ അലക്കിയില്ലെങ്കിൽ, കുഞ്ഞുങ്ങളെയും രോഗികളെയും പരിചരിച്ചില്ലെങ്കിൽ, വൈകാരിക പിന്തുണ നൽകിയില്ലെങ്കിൽ ഇല്ലാതാകുന്നതാണു നാം തിമർക്കുന്ന ഈ ലോകത്തിന്റെ സർവ അഹങ്കാരവും.

സിനിമയിലെ ഒരു നായകനടൻ ഇത്തരമൊരു ക്രൂര പീഡന കേസിൽ ഗൂഢാലോചനയ്ക്ക് അറസ്റ്റിലാകുമ്പോൾ ഒരു യുഗം അസ്തമിക്കുകയാണ്. ആ യുഗം ആൺമേൽക്കോയ്മയുടേതാണ്. സിനിമയ്ക്കു പുറത്ത് ആ യുഗം കുറെക്കാലം മുൻപുതന്നെ അസ്തമിച്ചു തുടങ്ങി. എന്നിട്ടും സിനിമാലോകത്ത് അതു നിലനിന്നു. സിനിമയുടെ കഥയിൽ, അവതരണത്തിൽ, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിൽ, ഡയലോഗുകളിൽ, പാട്ടുകളിൽ, വസ്ത്രാലങ്കാരങ്ങളിൽ ഒക്കെ ആൺമേൽക്കോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ആ യുഗം നീട്ടിക്കൊണ്ടു പോകാൻ സിനിമയുടെ അണിയറപ്രവർത്തകർ നിഷ്കർഷിച്ചു. പ്രേക്ഷകർ അതിനു സർവാത്മനാ സഹകരിച്ചു. സ്ക്രീനിലും പുറത്തും സ്വന്തം ഇഷ്ടാനിഷ്ടങ്ങളും സ്ഥിരം സേവകവൃന്ദവും അന്തഃപുര നാരിമാരുമുള്ള പഴയ നാട്ടുരാജാക്കൻമാരായി പുരുഷ താരങ്ങൾ വാണരുളി. അവരുടെ മേൽക്കോയ്മ അംഗീകരിച്ചു തുല്യവേതനമോ തുല്യപദവിയോ ഇല്ലാതെ രണ്ടാംകിടക്കാരായി തുടരാൻ നടിമാരും തയ്യാറായി.

പക്ഷേ, ആ കാലം മാറുകയാണ് എന്നതാണ് ഈ സംഭവത്തിന്റെ ശുഭോദർക്കമായ പാർശ്വഫലം. ഇനി മലയാള സിനിമയിൽ പഴയതുപോലെ സ്ത്രീവിരുദ്ധത കൊണ്ടാടാൻ സാധ്യമല്ല. സ്ക്രീനിലും ലൊക്കേഷനിലുമുള്ള സ്ത്രീവിരുദ്ധതയും വിവേചനവും കൊടുംകുറ്റകൃത്യങ്ങളാണെന്നു തിരിച്ചറിയപ്പെടുന്നു. അതിനെതിരെ പ്രതികരിക്കാൻ യുവാക്കളുടെ നിര മുന്നോട്ടു വരുന്നു. ചരിത്രത്തിലാദ്യമായി മലയാളത്തില്‍ നടിമാർ സംഘടിക്കുകയും സ്വന്തമായ ഒരു സംഘടന രൂപവൽക്കരിക്കുകയും ചെയ്യുന്നു. അവർക്കു സമൂഹം പിന്തുണ നൽകുന്നു. സ്ത്രീ ഒരു ചരക്കോ അടിമയോ അല്ല എന്നും അവള്‍ക്കു തുല്യപദവിയും തുല്യ അന്തസ്സും ഉറപ്പാക്കാതെ ആർക്കും നിലനിൽപ്പില്ലെന്നുമുള്ള തിരിച്ചറിവു സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിത്തുടങ്ങുന്നു.

ഈ കേസിൽ നടന്റെ അറസ്റ്റ് നീതിയിലേക്കുള്ള ഒരു പടവു മാത്രമേ ആകുന്നുള്ളൂ. ഇനി കേസ് കോടതിയിലെത്തും. അവിടെ നിയമവും നീതിയും തമ്മിൽ ഏറ്റുമുട്ടും. അതിൽ ആരു ജയിക്കുമെന്നും ആരു തോൽക്കുമെന്നും പ്രവചിക്കുക ഈ ഘട്ടത്തിൽ സാധ്യമല്ല. പക്ഷേ, ഈ കേസിലെ ഏറ്റവും സന്തോഷകരമായ സംഗതി ആക്രമിക്കപ്പെട്ട നടിക്ക് ഒരു പരിധിയോളം നീതി ലഭിച്ചുകഴിഞ്ഞു എന്നതാണ്. കാരണം സ്ത്രീപീഡനക്കേസുകളിലെ നീതി കോടതിയിൽനിന്നു കിട്ടുന്ന ജയമല്ല. മറിച്ച്, അതു സമൂഹം നൽകുന്ന വൈകാരിക പിന്തുണയാണ്. ഓർക്കുക, കോടതിയിൽനിന്നു മാത്രമല്ല, ചുറ്റുപാടുകളിൽനിന്നും നീതി ലഭിക്കാതെ പോയവരാണു നമ്മുടെ നാട്ടിൽ ഇന്നോളം ആക്രമിക്കപ്പെട്ട ബഹുഭൂരിപക്ഷം സ്ത്രീകളും. ആക്രമിക്കപ്പെട്ട നടിയോടൊപ്പം അവരുടെ ജീവിതപങ്കാളിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമൂഹവും ഉറച്ചു നിൽക്കുന്നു എന്നതാണ് അവർക്കു ലഭിച്ച യഥാര്‍ഥ നീതി. പുതിയ കാലത്തിന്റെ കാലൊച്ച മുഴങ്ങിത്തുടങ്ങുന്നു, മുറിഞ്ഞുകൊണ്ടാണെങ്കിലും.

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :