കൂട്ടുകാരെ ജാമ്യത്തിലിറക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ ലോക്കപ്പില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കളളക്കേസില്‍ കുടുക്കുകയും ചെയ്ത എസ്.ഐയ്ക്കും പൊലീസുകാര്‍ക്കുമെതിരെ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി. മര്‍ദ്ദനമേറ്റ യുവാവിന്റെ ബന്ധുക്കളാണ് പരാതി നല്‍കിയത്. അതേസമയം മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ കളമശേരി എസ്്.ഐ.ഇ.വി.ഷിബുവിനെതിരെ നടപടിയെടുക്കണമെന്ന് പി.ടി.തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
പെറ്റിക്കേസില്‍ പെട്ട കൂട്ടുകാരെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയ പുത്തന്‍കുരിശ് സ്വദേശി ജയരാജിെന തിങ്കളാഴ്ച പുലര്‍ച്ചെയാണ് കളമശേരി എസ്ഐയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചത്. എസ്ഐയെ മര്‍ദ്ദിച്ചെന്ന് കാട്ടി ജയരാജിനെതിരെ ജാമ്യമില്ലാത്ത കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്യുകയും ചെയ്തു പൊലീസ്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ജയരാജ് മര്‍ദനത്തെ പറ്റി പരാതി പറഞ്ഞതും തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ജയരാജിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായതും. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന ജയരാജിനെ സന്ദര്‍ശിച്ച പി.ടി.തോമസ് എംഎല്‍എ,എസ്ഐയ്ക്കും പൊലീസുകാര്‍ക്കുമെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
പൊലീസ് മര്‍ദ്ദനത്തിനെതിരെ ജയരാജിന്റെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മിഷനും,കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇരുമ്പുകട്ടയടക്കം ഉപയോഗിച്ചുണ്ടായ മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജയരാജിന്റെ നില കൂടുതല്‍ വഷളായെന്ന് കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ജയരാജിനെ ആദ്യം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മര്‍ദ്ദന വിവരം മറച്ചു വയ്ക്കാന്‍ പൊലീസിന് കൂട്ടുനിന്നെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.