ചാലക്കുടി കൊരട്ടിയില്‍ കടയടച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടെ വ്യാപാരിയെ തലയ്ക്കടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസില്‍ പ്രതികളെക്കുറിച്ച് സൂചന. ബൈക്കിലെത്തിയ മൂന്നുപേര്‍ കൊരട്ടി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കടയടച്ചു വീട്ടിലേക്കു മടങ്ങുമ്പോഴാണ് വ്യാപാരിയായ നാരായണന്‍കുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി പണം കവര്‍ന്നത്. കടപൂട്ടി പുറത്തേയ്ക്ക് ഇറങ്ങിയ ഉടനെ, ബൈക്കില്‍ പാഞ്ഞെത്തിയ മൂന്നംഗ സംഘം ഇരുമ്പുവടിക്കൊണ്ട് തലയ്ക്കടിച്ച് പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. പരിസരത്തെ ഒരു കടയുടെ മുന്നിലെ സിസിടിവിയില്‍ മൂന്നു യുവാക്കള്‍ ബൈക്കില്‍ പോകുന്നത് പതിഞ്ഞിട്ടുണ്ട്. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ആസൂത്രിതമായ ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാശ്രമം തന്നെയാണെന്ന് പൊലീസ് പറഞ്ഞു. കടയുടമ സ്ഥിരമായി കട അടച്ച് മടങ്ങുന്ന സമയം നിരീക്ഷിച്ചാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തൃശൂര്‍ ജില്ലയില്‍ പിടിച്ചുപറിയും ഗുണ്ടാവിളയാട്ടവും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് ഒരുകുടുംബത്തെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നിരുന്നു. ഇതിന് പിന്നിലും ഗുണ്ടാസംഘങ്ങള്‍ തന്നെയായിരുന്നു. ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനാണ് ഗുണ്ടകള്‍ പിടിച്ചുപറിയും മോഷണവും പതിവാക്കുന്നത്.