നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാകും. ഗൂഢാലോചന നടന്ന പല സ്ഥലങ്ങളിലും അപ്പുണ്ണിയുടെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഗൂഢാലോചനയില്‍ നേരിട്ട് പങ്കുള്ളത് ദിലീപിനും പള്‍സര്‍ സുനിക്കും മാത്രമാണെന്നാണ് പൊലീസിന്റെ നിലപാട്. അപ്പുണ്ണി ഇപ്പോള്‍ ഒളിവിലാണ്.
നടിയെ ആക്രമിക്കാന്‍ കഴിഞ്ഞവര്‍ഷം നടന്ന രണ്ടാംഘട്ട ഗൂഢാലോചനയിലാണ് ദിലിപീന്റെ മാനേജര്‍ അപ്പുണ്ണിയുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ദിലിപും പള്‍സര്‍ സുനിയും ഉള്‍പ്പെട്ട ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്ന പല സ്ഥലങ്ങളിലും അപ്പുണ്ണി ഉണ്ടായിരുന്നു. ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ സുനിക്ക് ദിലീപ് അഡ്വാന്‍സ് നല്‍കിയെന്ന് സംശയിക്കുന്ന തൃശൂര്‍ ജോയ് പാലസ് ഹോട്ടലില്‍ സുനി എത്തിയതും അപ്പുണ്ണിയോട് സംസാരിച്ചശേഷമാണെന്ന് പൊലീസ് വ്യക്തമാക്കി. ഈ ദിവസം നാലുതവണ സുനിയും അപ്പുണ്ണിയും ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ട്.
തൃശൂരിലെ ഹോട്ടലില്‍ വച്ച് ദിലീപ് സുനിക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതോടെ അപ്പുണ്ണി ഒളിവില്‍ പോയി. ഗൂഢാലോചനയെക്കുറിച്ച് വിവരമുണ്ടായിട്ടും പൊലീസില്‍ അറിയിക്കാതെ മറച്ചുവച്ചു, തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നു തുടങ്ങിയ കുറ്റങ്ങള്‍ അപ്പുണ്ണിക്കെതിരെയുണ്ട്. ഗൂഢാലോചന നടത്തിയത് ദിലീപും സുനിയും മാത്രമാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.