തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് ഹൈവേയില്‍ കാര്‍ യാത്രക്കാരായ കുടുംബത്തെ കൊള്ളയടിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍. മുപ്പത്തിയാറു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബാബുരാജാണ് കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍. ഇയാള്‍ എട്ടു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും കുടുങ്ങുന്നത്.
പുലര്‍ച്ചെ കാറില്‍ പോയ കുടുംബത്തെ ആക്രമിച്ച് പണവും ആഭരണവും കവര്‍ന്ന സംഘത്തെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് പത്തു കേസുകള്‍. ആറു വാഹന മോഷണം. മൂന്നു പിടിച്ചുപറി. ഒരു മോഷണം. തൃശൂര്‍ മരത്താക്കര സ്വദേശി ബാബുരാജാണ് സംഘത്തിലെ പ്രധാനി. എട്ടുവര്‍ഷം തടവുശിക്ഷ കഴിഞ്ഞ് ഈയിടെയാണ് പുറത്തിറങ്ങിയത്. കൂട്ടുപ്രതികളായ ഷമീറും ഡെന്നിയും തൃശൂര്‍ ചുവന്നമണ്ണ് സ്വദേശികളാണ്. കുടുംബത്തെ കൊള്ളയടിച്ച ശേഷം മുങ്ങിയ ഇവരെ വടക്കാഞ്ചേരി സി.ഐ: ടി.എസ്. സിനോജും സംഘവും നാടകീയമായി പിടികൂടുകയായിരുന്നു. എങ്കക്കാട് വാഹന പരിശോധന നടത്തുമ്പോഴാണ് പ്രതികളെ പിടികൂടിയത്.
പാലക്കാട് സ്വദേശിയായ വിനോദ്കുമാറും സംഘവും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പാര്‍ളിക്കാട് വച്ച് ആക്രമിക്കപ്പെട്ടത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.