ഉത്തര്‍പ്രദേശില്‍ റയില്വേട്രാക്കില് മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയത് തുറന്ന സൈക്കിള്‍ റിക്ഷയില്‍. പശുപരിപാലനത്തിനായി ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയ നാട്ടിലാണ് മൃതദേഹത്തോട് ഇത്തരം അനാദരവ്.
കഴിഞ്ഞ ദിവസം അട്ര റെയില്‍വേ ട്രാക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ രാമസര്‍ എന്ന ആളുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനായി തുറന്ന സൈക്കിള്‍ റിക്ഷയില്‍ കൊണ്ടുപോകേണ്ടി വന്നത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ആംബുലന്‍സിനായി റെയില്‍വേ പൊലീസ് വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ആരും തയാറായില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നു നഗരത്തിലെ ആശുപത്രിയിലേക്കു മൃതദേഹം റിക്ഷയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ബന്ധുക്കള്‍ തുറന്ന റിക്ഷയില്‍ ആശുപത്രിയിലേക്കു മൃതദേഹം കൊണ്ടു പോവുകയായിരുന്നു.
മൃതദേഹം കൊണ്ടുപോകാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്നു പറഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് പോയത് ഇ-റിക്ഷയിലാണ്. ഉദ്യോഗസ്ഥ പ്രമുഖര്‍ താമസിക്കുന്ന തെരുവുകവിലൂടെയാണ് മൃതദേഹവുമായി റിക്ഷയില്‍ പോയതെന്നും എന്നാല്‍ ആരും തങ്ങളെ സഹായിച്ചില്ലെന്നും മരിച്ചയാളുടെ ബന്ധുകള്‍ പറയുന്നു.