തൃശൂര്‍ പുതുക്കാട് മുക്കാല്‍ കോടി രൂപയുടെ അസാധു നോട്ടുകള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു ഗുണ്ടകള്‍ അറസ്റ്റില്‍. കഴിഞ്ഞ മേയില്‍ നടന്ന പിടിച്ചുപറി ശ്രമത്തിന് ശേഷം ഒളിവില്‍ പോയ രണ്ടു പേരെയും കൊടകരയില്‍ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ മേയ് എട്ടിന് പുതുക്കാടായിരുന്നു കേസിനാസ്പദമായ സംഭവം. മുക്കാല്‍ക്കോടി രൂപയുടെ അസാധു നോട്ടുകളുമായി കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തുനിന്നും എത്തിയ രണ്ടു പേരെയാണ് ഗുണ്ടാസംഘം ആക്രമിച്ചത്. തൃശൂര്‍ കണിമംഗലം സ്വദേശി തെന്സിലും ചിയ്യാരം സ്വദേശി ഷെഫീഖുമായിരുന്നു അക്രമികള്‍. ഇവര്‍ അസാധു നോട്ടുകളുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കല്ലെറിഞ്ഞു.
ഇതോടെ, വാഹനം തകരാറിലായി. കാറും നോട്ടും ഉപേക്ഷിച്ച് ഇവര്‍ മുങ്ങി. പിന്നീട്, തമിഴ്നാട്ടിലും മൂന്നാറിലും ഒളിവില്‍ കഴിഞ്ഞു. ഇതിനിടെ, കാമുകിയെ കാണാന്‍ തൃശൂരില്‍ വന്നപ്പോഴാണ് കുടുങ്ങിയത്. കാറില്‍നിന്ന് പിടിച്ചെടുത്ത പണം പിറ്റേന്നുതന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു.