കോഴിക്കോട് താമരശേരിയിൽ രണ്ടരക്കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. തെക്കേക്കര സ്വദേശി ഷാജി വർഗീസിനെയാണ് താമരശേരി സിഐയും സംഘവും പിടികൂടിയത്. അഞ്ച് മാസത്തിനിടെ രണ്ടാംതവണയാണ് കഞ്ചാവുമായി ഇയാൾ അറസ്റ്റിലാകുന്നത്. കർണാടകയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നത്. താമരശേരി, അടിവാരം, കൊടുവള്ളി ഭാഗങ്ങളിലായിരുന്നു വിൽപന. അന്യസംസ്ഥാനത്തൊഴിലാളികളായിരുന്നു പ്രധാന ആവശ്യക്കാർ. അഞ്ച് മാസം മുൻപ് മൂന്ന് കിലോ കഞ്ചാവുമായി ഷാജി വർഗീസ് താമരശേരി എക്സൈസിന്റെ പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വിൽപന തുടർന്നു. താമരശേരി ഡിവൈഎസ്പിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Advertisement