ഫെയ്സ്ബുക്ക് ചതിയില്‍പ്പെട്ട് സെക്സ് റാക്കറ്റുക്കളുടെ വലയിലായ ഒട്ടേറെ വീട്ടമ്മമാരുണ്ട്. അശ്ലീല സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘം, പെണ്‍കുട്ടികളെ കൂടാതെ വീട്ടമ്മമാരെയും ഇരകളാക്കിയിരുന്നു. അതില്‍ ഏറെയും സമൂഹമാധ്യമങ്ങള്‍ വഴി ചതിയില്‍പ്പെട്ട വീട്ടമ്മമാരാണ്. ഇത്തരം ഓണ്‍ലൈന്‍ സംഘങ്ങള്‍ വീണ്ടും സജീവമാണ് ഇപ്പോള്‍.
ഓണ്‍ലൈന്‍ പെണ്‍വാണിഭം സംബന്ധിച്ച് സംസ്ഥാനത്ത് പൊലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ ചിത്രങ്ങള്‍ ലഭിച്ച വഴി തേടി അന്വേഷണ സംഘം പോയപ്പോള്‍ അതിലും ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചു. ഫെയ്സ്ബുക്ക് വഴിയും വാട്സാപ്പ് വഴിയും വീട്ടമ്മമാരുമായി ഈ സംഘം ചങ്ങാത്തംകൂടും. പിന്നീട് വീട്ടമ്മമാരുമായി കൂടുതല്‍ അടുക്കുന്ന യുവാക്കള്‍, അവരില്‍ നിന്ന് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടും. തങ്ങളുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ശേഷം ഇതുകാണിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. അതോടെ വന്‍ ശ്യംഖലകള്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ പിടിയിലാകും യുവതികളായ വീട്ടമ്മമാര്‍. ഭര്ത്താക്കന്മാര് വിദേശത്തുള്ള വീട്ടമ്മമാരെയാണ് സംഘം പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. സമീപകാലത്ത് കൊല്ലത്ത് നിന്ന് പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന സ്ത്രീകളില്‍ കൂടുതലും ഭര്ത്താക്കന്മാര് വിദേശത്തുള്ള വീട്ടമ്മമാരായിരുന്നു. അതില്‍ പലരും ഇത്തരത്തില്‍ ചതിക്കപ്പെട്ട് പെണ്‍വാണിഭ സംഘത്തില്‍ ചെന്നുപെട്ടവരാണ്.
തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളില്‍ പലതും കോളജ് വിദ്യാര്‍ഥിനികളെയും വീട്ടമ്മമാരെയും കെണിയില്‍ വീഴ്ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ മാഫിയകളുടെ പ്രവര്‍ത്തനം ശക്തമാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പക്ഷെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് മാത്രം. തെളിവുകള്‍ ഉന്നതരിലേയ്ക്ക് നീണ്ടതോടെ അന്വേഷണംതന്നെ പാതിവഴിയില്‍ നിലച്ചമട്ടാണ്. ഇതോടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ വീണ്ടും സജീവമായിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാത്ത വീട്ടമ്മമാരുടെയും വിദ്യാര്‍ഥിനികളുടെയും ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലേയ്ക്ക് അപ്ലോഡ് ചെയ്ത് പകവീട്ടിയ സംഭവങ്ങളും ഏറെയാണ്.