ഉരുട്ടിക്കൊലക്കേസില്‍ പ്രധാനസാക്ഷി സുരേഷ് കൂറുമാറി. ഉദയകുമാറിനെ പൊലീസ് മര്‍ദിച്ചതായി അറിയില്ലെന്ന് സുരേഷ് കോടതിയില്‍ മൊഴി നല്കി. സാക്ഷി വിസ്താരത്തിനിടെയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ സുരേഷ് മൊഴി മാറ്റിയത്. എന്നാല്‍ ഉദയകുമാറിനെ സി.ഐ. ഒാഫിസില്വച്ച് മര്‍ദിച്ചതായി അന്നത്തെ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണി മൊഴി നല്കി.
അവശനിലയിലായ ഉദയകുമാറിനെ രണ്ടുപൊലീസുകാര്‍ താങ്ങിയെടുത്താണ് അന്നത്തെ സിഐ ആയിരുന്ന ഇ.കെ.സാബുവിന്റ മുറിയില്‍നിന്ന് കൊണ്ടുവന്നതെന്നും തങ്കമണിയുടെ മൊഴിയിലുണ്ട്. 2005ല്‍ തിരുവനന്തപുരം ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്നുവെന്നാണ് കേസ്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് വിടുകയായിരുന്നു.