വിവാഹം നിശ്ചയിച്ച പെയിന്റിങ് തൊഴിലാളി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. വിവാഹം ഉറപ്പിച്ച യുവതിയുടെ കാമുകന്റെ ഭീഷണിയെ തുടർന്നാണ് ഇയാൾ ജീവനൊടുക്കിയതെന്നു ആരോപണം. നെടുങ്കണ്ടം ആശാരികണ്ടം തുമ്പുങ്കൽ വീട്ടിൽ പരേതനായ ജോയിയുടെ മകൻ ജോബി(28)ആണു മരിച്ചത്.
ആശുപത്രിയിൽ മരുന്നു വാങ്ങാൻ പോയിരുന്ന മാതാവ് പൊന്നമ്മ വൈകിട്ട് മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു ജോബി തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലുക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
നെടുങ്കണ്ടം മേഖലയിലുള്ള യുവതിയുമായി ഓഗസ്റ്റിൽ ജോബിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനു ശേഷം യുവതിയുടെ കാമുകൻ എന്നു പരിചയപ്പെടുത്തിയയാൾ തന്നെ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ജോബി വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. സംസ്കാരം ഇന്നു 11ന്.