കണ്ണൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. പട്ടയത്തിനായി അമ്പതിനായിരം രൂപ കൈക്കൂലിവാങ്ങുന്നതിടെയാണ് പയ്യാവൂര്‍ വില്ലേജ് ഒാഫീസര്‍ പിടിയിലായത്.
പൈസക്കരി സ്വദേശിയായ അജിത് കുമാറിന് പരമ്പരഗതമായി ലഭിച്ച ഭൂമി അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ അധികമായി വന്ന ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ട് പയ്യാവൂര്‍ വില്ലേജ് ഒാഫീസര്‍ ചെങ്ങളായി സ്വദേശി എം.പി. സെയ്ദിനെ സമീപിച്ചിരുന്നു. പട്ടയത്തിനായി ശുപാര്ശചെയ്യണമെങ്കില് അറുപതിനായിരം രൂപ കൈക്കൂലി സെയ്ദ് ആവശ്യപ്പെട്ടു. ഒടുവില്‍ അമ്പതിനായിരം രൂപക്ക് ഉറപ്പിച്ചു. പണവുമായി വില്ലേജ് ഒാഫീസിലേക്ക് വരാമെന്ന് അറിയിച്ച അജിത് കുമാറിനോട് താന്‍ പൈസക്കരിയില്‍ വന്ന് പണം കൈപ്പറ്റാമെന്ന് സെയ്ദ് അറിയിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ വെച്ച് പണം വാങ്ങി പോക്കറ്റിലിടുന്നതിനിടെ വിജിലന്‍സ് സംഘമെത്തി കയ്യോടെ പിടികൂടി.
വില്ലേജ് ഒാഫീസറെ കയ്യോടെ പിടികൂടിയതോടെ നാട്ടുകാരും തടിച്ചുകൂടി. നിസാരആവശ്യങ്ങള് നടത്തിതരാന്‍ പോലും വില്ലേജ് ഒാഫീസര്‍ കൈക്കൂലി വാങ്ങിയിരുന്നതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി. നേരത്തെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സെയ്ദിനെ നിരീക്ഷിച്ചു വരികയായിരുന്നെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.