ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. കൂട്ടമാനഭംഗത്തിന് ശേഷം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു. കേസില്‍ ഒരാള്‍ അറസ്റ്റിലായി. മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പതിനാലുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പീഡനത്തിനിരയായ പെണ്‍ക്കുട്ടി പൊലീസിന് നല്കിയ മൊഴി ഇങ്ങനെ. കഴിഞ്ഞ വെളളിയാഴ്ച രാത്രി അപരിചിതമായ ശബ്ദം കേട്ട് വീടിന് പുറത്തുവന്ന തന്നെ,, രണ്ടുപേര്‍ ചേര്‍ന്ന് സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ മറ്റു ആറുപേര്‍ കൂടിയുണ്ടായിരുന്നു. പീഡിപ്പിച്ചവരില്‍ രണ്ടുപേര്‍ അയല്‍ക്കാരാണെന്നും,, ഇവരുടെ പേരുകളും പെണ്‍ക്കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ ട്രെയിനിലുളളിലായിരുന്നു. ഇതിനിടെ രണ്ടുപേര്‍ തന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്നും പെണ്‍ക്കുട്ടി പറഞ്ഞു.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെ കിയുള്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ട്രാക്കിന് സമീപത്ത് ചോരവാര്‍ന്നനിലയില്‍ കുട്ടിയെ കണ്ടെത്തി. പട്ന മെഡിക്കല്‍ കോളജില്‍ എത്തിച്ച കുട്ടിയെ ചികില്‍സിക്കാന്‍ ആദ്യം ഡോക്ടര്‍മാര്‍ തയാറായില്ലെന്ന് ആരോപണമുണ്ട്. പതിനാലു മണിക്കൂര്‍ വെറുംനിലത്ത് കിടത്തിയ നടപടി വിവാദമായതോടെയാണ് വിദഗ്ധചികില്‍സ തുടങ്ങിയത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയ പൊലീസ്, പ്രധാനപ്രതികളില്‍ ഒരാളെ പിടികൂടിയതായും അറിയിച്ചു.