രാജസ്ഥാനിലെ കരോളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സിങ് അധ്യാപികയുടെ മൃതദേഹത്തോട് അനാദരം. അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തിരുവല്ല കുറ്റപ്പുഴ സ്വദേശിനിയായ ശ്യാമയുടെ മരണത്തില്‍ ദുരൂഹത തുടരുകയാണ്.
തിരുവല്ല കുറ്റപ്പുഴ സ്വദേശി 25കാരിയായ ശ്യാമയെ തിങ്കളാഴ്ചയാണ് സഹപാഠിയായ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശീതീകരണ സംവിധാനമില്ലാത്ത മുറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തിയപ്പോഴേക്കും അഴുകിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ തലയ്ക്കു കീഴില്‍ ഇഷ്ടികവച്ച് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു.
കരോളി സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ പരിമിതമാണെന്നും പരാതിയുണ്ടെങ്കില്‍ എഴുതി നല്കിയാല് മതിയെന്നുമുള്ള നിലപാടിലാണ് പൊലീസെന്നും ബന്ധുക്കള്‍ പറഞ്ഞു. നാട്ടിലേക്ക് കൊണ്ടുവരാനാകാത്തവിധം ജീര്‍ണാവസ്ഥയിലായതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കരോളിയില്‍ സംസ്കരിച്ചു. ജയ്പൂരിലെ സ്വകാര്യ നഴ്സിങ് കോളജിലെ അധ്യാപികയായിരുന്നു ശ്യാമ. നഴ്സിങ് പഠന കാലത്ത് സഹപാഠിയായിരുന്ന വിഷ്ണു ഗുരുജറിന്റെ വീട്ടിലാണ് ശ്യാമയുടെ മൃതദേഹം കണ്ടെത്തിയത്.
ശ്യാമയും വിഷ്ണുവും അടുപ്പത്തിലായിരുന്നു. ജയ്പൂരില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് കരോളി. വൈകിട്ടോടെ വീട്ടിലെത്തിയ ശ്യാമ, ആത്മഹത്യ ചെയ്യുകയായിരുന്നാണ് വിഷ്ണുവും അമ്മയും പൊലീസിനെ അറിയിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.