ആലുവയില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തിലെ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ റൂറല്‍ എസ്പി ഓഫിസിനു മുന്നിലാണ് നാടിനെ വിറപ്പിച്ച് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്.
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നായരമ്പലം സ്വദേശി കംഗാരു എന്ന ബിജോയിയും ഇയാളുടെ സഹായി ആലുവ മുപ്പത്തടം സ്വദേശി സുപ്രു എന്ന ജിതിനുമാണ് അറസ്റ്റിലായത്. ഏഴ് കൊലപാതകശ്രമക്കേസുകളില്‍ പ്രതിയും രണ്ടു ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തയാളാണ് ബിജോയി. ആലുവ സിഐ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുണ്ടകളെ പിടികൂടിയത്. കേസില്‍ രണ്ടുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഗുണ്ടാസംഘത്തില്‍പ്പെട്ട നാലുപേരെക്കൂടി പിടികൂടാനുണ്ട്.
രണ്ടു യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വളര്‍ന്നത്. ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായും പരാതിയുണ്ട്.