കൊച്ചിയില്‍ ഡിവൈഎഫ്ഐ നേതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റടക്കം പത്തു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി എം.എം.ജിനീഷിന് വടുതല ജങ്ഷനില്‍ വച്ച് കുത്തേറ്റത്. ബിജെപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയാറാകുന്നില്ലെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എറണാകുളം നോര്‍ത്തിലെ വനിതാ പൊലീസ് സ്റ്റേഷന് രാത്രി ഉപരോധിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാലടക്കം പത്തു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. വധശ്രമമടക്കമുളള ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ രാജഗോപാലിന് സംഭവവുമായി ബന്ധമില്ലെന്നും പൊലീസ് കളളക്കേസില്‍ കുടുക്കിയതാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതേസമയം കുത്തേറ്റ ഡിവൈഎഫ്ഐ പ്രവര്ത്തകന് ജിനീഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.അക്രമത്തില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തില്‍ കച്ചേരിപ്പടി മുതല്‍ വടുതല ജങ്ഷന് വരെയുളള മേഖലയില്‍ ഇന്ന് ഡിവൈഎഫ്ഐ ഹര്‍ത്താല്‍ ആചരിച്ചു. നഗരത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധ പ്രകടനവും നടത്തി.