കണ്ണൂര്‍ പയ്യന്നൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സി.വി.അനൂപിനെ കോടതി റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ കോടതിയില്‍ ജഡ്ജി അവധിയായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററായ സി.വി. അനൂപ് അറസ്റ്റിലായതോടെ സിപിഎമ്മിന്റെ നിലപാടും നിര്‍ണായകമായി.
ആര്‍എസ് എസ് പ്രവര്ത്തകന് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത അനൂപിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പയ്യന്നൂര്‍ കോടതി ജഡ്ജി അവധിയായതിനാല്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കുകയായിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന റിനീഷ് ,ജ്യോതിഷ് ,സത്യന് , ജിതിന് എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. റിനീഷും അനൂപും സത്യനുമാണ് കൊലപാതകത്തിന് നേതൃത്വത്വം നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏഴംഗകൊലയാളി സംഘത്തിലെ ഒരു പ്രതി പ്രജീഷ് പൊലീസിനെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നിരുന്നു. പ്രജീഷ് ഉള്‍പ്പെടെ രണ്ടു പേരെ ഇനി പിടികൂടാനുണ്ട്.
ഏപ്രില്‍ ഇരുപത്തിയഞ്ചിന് ഇന്നോവ കാര്‍ വാടകക്കെടുത്ത് സംഘം പലതവണ ബിജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ മുട്ടത്തുവെച്ച് സുഹൃത്ത് രാജേഷിന്റെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് നയിച്ചത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററും സിപിഎം രാമന്തളി ലോക്കല്‍ കമ്മിറ്റി അംഗവുമായി അനൂപ് പിടിയിലായതോടെ സിപിഎം നിലപാട് നിര്‍ണായകമായി. കൊലപാതകവുമായി ബന്ധമുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിശദീകരിച്ചിരുന്നു.
കുന്നുരുവിലെ ഡിവൈഎഫ്ഐ നേതാവ് ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് ബിജുവിന്റെ കൊലപാതകം എന്ന് ചൂണ്ടിക്കാണിച്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ്നീക്കം. എന്നാല്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കൊലപാതകത്തിലെ ഡിവൈഎഫ്ഐ നേതാവിന്റെ പങ്കാളിത്തം ഉയര്‍ത്തി കേസ് വീണ്ടും സജീവമാക്കാനാണ് ബിജെപിയുടെ നീക്കം.