കോഴിക്കോട് കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവർത്തകന്റെ വീട്ടുവളപ്പിൽ ബൈക്ക് കത്തിച്ചു. ടെംപോ അടിച്ചുതകർത്തു. വീടിന്റെ കവാടത്തിൽ റീത്തുവച്ചാണ് സ്ഥലംവിട്ടത്. അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇന്നു പുലർച്ചെ ഒന്നരയോടെയായിരുന്നു അക്രമം. കൊയിലാണ്ടി മുചുകുന്നിലെ നെല്ലിമഠത്തിൽ ബാലകൃഷ്ണന്റെ വീട്ടുവളപ്പിലായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ബൈക്കിന് തീയിട്ട അക്രമി സംഘം തൊട്ടടുത്തുള്ള ടെംപോയും തല്ലിതകർത്തു. ഇതിനു പുറമെ, വീടിന്റെ ഗേയ്റ്റിൽ റീത്ത് വച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമി സംഘം സ്ഥലംവിട്ടു. ബാലകൃഷ്ണന്റെ വീടിനു നേരെ ഇതിനു മുമ്പും അക്രമം നടന്നിട്ടുണ്ട്. മൂന്നു തവണ വരെ അക്രമം തുടർന്നപ്പോൾ വീട്ടിൽ സിസിടിവി വച്ചു. ഈ ക്യാമറയിലാണ് അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കൊയിലാണ്ടി പൊലീസ്.
Advertisement