ഹരിയാനയിലെ റോത്തക്കില്‍ നിര്‍ഭയ സമാനമായ പീഡനവും കൊലപാതകവും. റോത്തക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതി,, കൊടുംപീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായി. സംഭവത്തില്‍ രണ്ടുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഴുപേര്‍ ചേര്‍ന്നാണ് ഇരുപത്തിമൂന്നുകാരിയെ ക്രൂരമായി മാനഭംഗം ചെയ്തു കൊലപ്പെടുത്തിയതെന്ന് ഹരിയാന പൊലീസ് കണ്ടെത്തി. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ കമ്പി കയറ്റിയിരുന്നു. ആന്തരികാവയവങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. യുവതിയെ തിരിച്ചറിയാതിരിക്കാന്‍ തലയിലൂടെ വാഹനം കയറ്റിയിറക്കി മുഖം വികൃതമാക്കി. ആയുധം കൊണ്ടുളള അടിയേറ്റ് തലയോട് പൊട്ടിയിരുന്നു. സംഭവം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, കുറ്റക്കാരെ മുഴുവന്‍ പിടികൂടുമെന്ന് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റോത്തക്കിലെ തെരുവില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ മൃതദേഹം കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. ഹരിയാനയിലെ സോനിപത്തില്‍ നിന്ന് ഈമാസം ഒന്‍പതിനാണ് യുവതിയെ ഒരുസംഘം യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്. വിവാഹാഭ്യര്‍ഥന നടത്തിയ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.