മദ്യപിച്ച് വാഹനമോടിച്ച രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ തിരുവല്ലയില്‍ പിടിയിലായി. ട്രാഫിക് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
തിരുവല്ല - കായംകുളം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗില്ഗാല് ബസിലെ ഡ്രൈവര്‍ അരുൺകുമാറും കീച്ചേരില്‍ ബസിന്റെ ഡ്രൈവര്‍ ഉല്ലാസുമാണ് പിടിയിലായത്. രാവിലെ എട്ടു മണിയോടെ തിരുവല്ല ട്രാഫിക് പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഗില്ഗാല് ബസാണ് ആദ്യം പരിശോധിച്ചത്.
മാന്നാര്‍ സ്വദേശിയായ ഡ്രൈവര്‍ അരുണ്‍കുമാര്‍ മദ്യപിച്ചെന്ന് വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതിലെ യാത്രക്കാരെ കയറ്റാനാണ് തൊട്ടുപിന്നാലെ വന്ന കീച്ചേരില്‍ ബസ് പൊലീസ് കൈകാണിച്ച് നിര്‍ത്തിയത്. യാത്രക്കാരെ കയറ്റുന്നതിനിടെ കീച്ചേരില്‍ ബസിന്റെ ഡ്രൈവര്‍ ചെറിയനാട് സ്വദേശി ഉല്ലാസിനെയും പൊലീസ് പരിശോധിച്ചു. ഉല്ലാസും മദ്യപിച്ചതായി വ്യക്തമായി. രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേരുടേയും ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.