കൊല്ലം അഞ്ചൽ ഹയർസെക്കൻഡറി സ്കൂളിന്റെ സ്ഥലം സ്വകാര്യവ്യക്തി കയ്യേറിയെന്ന് ആരോപണം. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് സ്ഥലം ഒഴിപ്പിച്ചെങ്കിലും സ്ഥലം കയ്യേറ്റമല്ലെന്ന നിലപാടിലാണ് ആരോപണവിധേയനായ സമീപവാസി
അഞ്ചൽ ഈസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ ഭൂമിയിലൂടെ സമീപവാസി സ്ഥലം കയ്യേറി വഴി നിർമിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്്. കയ്യേറിയ സ്ഥലം ഒഴിപ്പിക്കണമെന്ന പി.ടി.എ ഭാരവാഹികൾ പൊലീസിലും റവന്യൂ അധികാരികൾക്കും പരാതി നൽകിയതോടെ പൊലീസ് സ്ഥലത്തെത്തി ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. എന്നാൽ ഒന്നിലേറേ ചർച്ചകൾ വാക്കേറ്റത്തിൽ കലാശിച്ചു. അനധികൃതമായി നിർമിച്ച വഴി പൊലീസിന്റെ സാന്നിധ്യത്തിൽ സ്കൂൾ അധികൃതർ തന്നെ ഇപ്പോൾ അടച്ചിരിക്കുകയാണ്.
എന്നാൽ സ്കൂളിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമീപവാസി പറഞ്ഞു. കോടതി അനുവദിച്ചിരുന്ന സ്ഥലം കാടുകയറിയപ്പോൾ അത് വൃത്തിയാക്കി എടുക്കുകമാത്രമാണെന്നാണ് സമീപവാസി പറയുന്നത്. നിലവിലെ സ്ഥിതി തുടരാനും കയ്യേറ്റമാണോ എന്ന നിശ്ചയിച്ച് ഉറപ്പുവരുത്താനും റവന്യൂ അധികൃതർ തീരുമാനിച്ചു.
Advertisement