തിരുവനന്തപുരം മലയിൻകീഴിൽ പ്ലസ്ടു വിദ്യാർഥിനിയെ പൊലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. വീടിനുപുറത്തുള്ള കുളിമുറിയിൽ നിന്നിറങ്ങുമ്പോൾ പൊലീസുകാരൻ കടന്നുപിടിച്ചുവെന്നാണ് ആരോപണം. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പെൺകുട്ടിയും അമ്മൂമ്മയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പൊലീസുകാരൻ അതിക്രമിച്ചുകയറിയത്. കുളിമുറിയിൽ നിന്നിറങ്ങിയപ്പോൾ കടന്നുപിടിക്കുകയായിരുന്നുവെന്ന് പെൺകുട്ടി ആരോപിക്കുന്നു. പിടിവലിയിൽ സാരമായി പരുക്കേറ്റ പെൺകുട്ടിയെ മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയിൻകീഴ് പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്റെ വീടുനിർമാണം പെൺകുട്ടിയുടെ വീടിന് സമീപം പുരോഗമിക്കുകയാണ്. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി പെൺകുട്ടി പുറത്തിറങ്ങുമ്പോൾ പൊലീസുകാരൻ ഫോട്ടോ എടുക്കാറുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.