തിരുമല കാശിമഠത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഘവേന്ദ്ര തീര്‍ഥയെ ഒരു ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടു. മഠത്തിലെ അധികാരതര്‍ക്കത്തിന്റെ ചുവടുപിടിച്ച് വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും പൂജാസാമഗ്രികളും തട്ടിയെടുത്തെന്ന കേസാണ് രാഘവേന്ദ്രയുടെ പേരിലുളളത്. കഴിഞ്ഞയാഴ്ച ആന്ധ്രയില്‍ അറസ്റ്റിലായ രാഘവേന്ദ്ര തീര്‍ഥയെ ട്രയിന്മാര്ഗമാണ് കൊച്ചിയിലെത്തിച്ചത്.
എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ രാഘവേന്ദ്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു കൂട്ടം അനുയായികള്‍ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് സിജെഎം കോടതിയില്‍ ഹാജരാക്കിയ രാഘവേന്ദ്ര തീര്‍ഥയെ ഒരു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. കാശിമഠാധിപതിയായിരുന്ന സ്വാമി സുധീന്ദ്ര തീര്ഥയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ രാഘവേന്ദ്ര തീര്‍ഥയെ മഠത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
എന്നാല്‍ മഠാധിപതിയുടെ രത്നങ്ങളും,വജ്രാഭരണങ്ങളും,പൂജാ സാമഗ്രികളും രാഘവേന്ദ്ര കൈക്കലാക്കി. കോടതി ഉത്തരവടക്കമുണ്ടായിട്ടും ഇത് തിരികെ നല്കാന് തയാറായില്ല. ഇതോടെയാണ് കേസ് ചുമത്തിയത്.പിന്നീട് രാഘവേന്ദ്ര ഒളിവില്‍ പോവുകയായിരുന്നു. ആറു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞിട്ടും ഇദ്ദേഹത്തെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല.തുടര്‍ന്നാണ് കോടതി ഇടപെട്ട് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.