കൽക്കിയുടെ അവതാരമെന്ന് പറഞ്ഞ് ദിവ്യൻ ചമഞ്ഞ് ഫ്ളാറ്റിൽ െപൺകുട്ടികളെ താമസിപ്പിച്ച് പീഡിപ്പിച്ചയാൾ കൊച്ചിയിൽ അറസ്റ്റിൽ. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. പെൺകുട്ടികളിൽ നിന്ന് ഇയാൾ പണം തട്ടിയെന്നും പൊലീസ് അറിയിച്ചു. ഇൻഫോപാർക്കിൽ ജോലിക്ക് പോയ സഹോദരിയെയും കൂട്ടുകാരികളായ രണ്ടുപേരെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് തൃശൂർ സ്വദേശി കണ്ണൻ എന്ന ഉണ്ണികൃഷ്ണനെ അറസ്ററ് ചെയ്തത്.
ഇയാളെക്കുറിച്ച് അന്വേഷിച്ച പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ബ്രഹ്മപുരത്തെ ഫ്ളാറ്റിൽ ഉന്നത ബിരുദധാരികളായ മൂന്നു പെൺകുട്ടികളെ ഇയാൾ താമസിപ്പിച്ചിരുന്നു. താൻ കൽക്കിയുടെ അവതാരമാണെന്നും ദിവ്യശക്തിയുണ്ടെന്നും പെൺകുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടി. ഇതിലൊരാളുടെ സഹോദരനെയും ഭാര്യയെയും ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി താമസിപ്പിച്ചിരുന്നു. സഹോദരൻ മരിച്ചു പോകുന്നും വിധവാ യോഗമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടികളിലൊരാളുടെ സഹോദരന്റെ ഭാര്യയെ പീഡിപ്പിച്ചെന്നാണ് പരാതി.
വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ച് മറ്റൊരു വിവാഹവും കഴിച്ചിരുന്നു. കൊച്ചിയിലെ മാളിൽ ജീവനക്കാരിയായ ഇടുക്കി സ്വദേശിനിയെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എന്ന് പറഞ്ഞാണ് വിവാഹം കഴിച്ചത്. ഈ പെൺകുട്ടിയെ ഫ്ളാറ്റിനടുത്ത് വീടെടുത്ത് താമസിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഫ്ളാറ്റിൽ താമസിപ്പിച്ചിരുന്ന പെൺകുട്ടികളെ നിരന്തര മാനസിക സമ്മർദത്തിലൂടെ അടിമകളാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഫ്ളാറ്റിൽ നിന്ന് എയർഗണും, നെഞ്ചക്കും, കത്തിയും പൂജാസാമഗ്രികളും കണ്ടെടുത്തു.