വീസ നിയന്ത്രണവും ഇമിഗ്രേഷന്‍ ചട്ടങ്ങളും കര്‍ക്കശമാക്കാനുള്ള തീരുമാനത്തിലുറച്ച് അമേരിക്ക. പശ്ചാത്തലപരിശോധന അസാധ്യമായ രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റം അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചു. അമേരിക്കക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുംവിധം കുടിയേറ്റചട്ടങ്ങള് പരിഷ്കരിക്കും. രാജ്യാന്തരസൈനിക ഇടപെടലുകളുടെ ചെലവ് പങ്കിടാന്‍ സഖ്യരാഷ്ട്രങ്ങള്‍ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
പ്രസിഡന്റായ ശേഷം ആദ്യമായി യുഎസ് കോണ്‍ഗ്രസിനെ അഭിമുഖീകരിച്ച ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗത്തില്‍ അല്ഭുതങ്ങളൊന്നുമുണ്ടായില്ല. കന്‍സസില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ട വംശീയ ആക്രമണത്തെ അപലപിച്ചായിരുന്നു തുടക്കം. കഴിഞ്ഞ ഒന്നരമാസത്തെ വിവാദതീരുമാനങ്ങളെല്ലാം ഭരണനേട്ടങ്ങളായി അവതരിപ്പിച്ച ട്രംപ് വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇസ്ലാമികരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കും. അമേരിക്കക്കാര്‍ക്ക് തൊഴിലും മികച്ച വേതനവും സുരക്ഷയും ഉറപ്പാക്കും വിധം കുടിയേറ്റ, നിക്ഷേപ നിയമങ്ങള്‍ കര്‍ശനമാക്കും.
വിദേശത്തെ സൈനിക ഇടപെടലുകളുടെ ചെലവ് വഹിക്കാന്‍ സഖ്യരാഷ്ട്രങ്ങളും തയാറാകണം. ലോകത്തെ പ്രതിനിധീകരിക്കാനല്ല അമേരിക്കയെ പ്രതിനിധീകരിക്കാനാണ് താന്‍ പ്രസിഡന്റായതെന്ന് ട്രംപ് പ്രഖ്യാപിച്ചു. ബറാക് ഒബാമ നടപ്പാക്കിയ ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് റദ്ദാക്കാന്‍ കോണ്‍ഗ്രസിനെ ആഹ്വാനം ചെയ്ത ട്രംപിന്റെ പ്രസംഗം ഡെമോക്രാറ്റിക് അംഗങ്ങളില്‍ ഒരുചലനവും ഉണ്ടാക്കിയില്ല. ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് വെള്ളവസ്ത്രമണിഞ്ഞാണ് ഡെമോക്രാറ്റ് വനിതാ അംഗങ്ങള്‍ എത്തിയത്.