കർഷകർക്ക് താങ്ങായി ഗവ.കോക്കനട്ട് നഴ്സറി & ഫാം

npc-15-06-t
SHARE

നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു നഴ്സറിയാണ് എറണാകുളം ജില്ലയിലെ വൈറ്റിലയിൽ ഉണ്ടായിരുന്ന, ഇന്ന് നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഗവ. കോക്കനട്ട് നഴ്സറി & ഫാം. തെങ്ങ് കൃഷി പ്രോൽസാഹിപ്പിക്കാനായി കൊച്ചി രാജാവ് 1910 ൽ സ്ഥാപിച്ച തെങ്ങ് ഗവേഷണ കേന്ദ്രം , സ്വാതന്ത്ര്യാനന്തരം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കോക്കനട്ട് നേഴ്സറി & ഫാം ആക്കി മാറ്റുകയായിരുന്നു. നഗര മധ്യത്തിൽ 25 ഏക്കറോളം സ്ഥലത്ത് പ്രവർത്തിച്ച ഫാമിന്റെ സ്ഥലവും കെട്ടിടങ്ങളും 2010ൽ വൈറ്റില മൊബിലിറ്റി ഹബ് തുടങ്ങുന്നതിനു വേണ്ടി വിട്ടു നൽകേണ്ടി വന്നു. തത്തുല്യമായ സ്ഥലവും സൗകര്യങ്ങളും നൽകുമെന്ന സർക്കാരിന്റെ ഉറപ്പിൽ നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിലേക്കാണ് നഴ്സറിയും ഫാമും അന്ന് പറിച്ചു മാറ്റപെട്ടത്.

കൃഷി വകുപ്പിന്റെ കീഴിൽ തന്നെയുള്ള മാർക്കറ്റിൽ കഴിഞ്ഞ 8 വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, താൽക്കാലികമായി മാത്രം അനുവദിച്ചു നൽകിയ മൂന്നര ഏക്കർ സ്ഥലത്തും 2 മുറികളിലും മാത്രമായി ഒതുക്കപ്പെട്ടു പോയി നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്ഥാപനം. ഏക്കറു കണക്കിന് സ്ഥലം കാടുപിടിച്ച് ക്ഷുദ്രജീവികൾക്ക് വാസസ്ഥലമായും, മാർക്കറ്റിലെ മാലിന്യങ്ങൾ കൊണ്ടു നിറച്ച് കിടക്കുമ്പോഴും, കർഷകർക്ക് ഏറെ ഉപകാരപ്രദമായ ഈ ഫാമിന് സ്വന്തമായി ഒരു സെന്റ് സ്ഥലം പോലുമില്ല.

പ്രതാപത്തോടെ തലയുയർത്തി നിന്ന ഒരു വലിയ സ്ഥാപനം നാടിന്റെ വികസനത്തിനു വേണ്ടി ഒതുക്കി മാറ്റപെട്ടപ്പോഴും, ജീവനക്കാരുടെ പരിശ്രമം മുഴുവൻ ഒന്നുമില്ലായ്മയിൽ ആയിപ്പോയ ഫാമിന്റെ അതിജീവനമായിരുന്നു. പരിമിതികളിൽ നിന്ന് ചെയ്യാവുന്ന വൈവിധ്യവൽക്കരണത്തിന്റെ മാർഗങ്ങൾ അവർ തേടി.... നടപ്പിലാക്കി... വിജയവും കണ്ടു. സ്വന്തമായി ഒരു സെന്റു പോലുമില്ലാത്ത ഈ ഫാം ഇന്ന് കൃഷി വകുപ്പിന് കീഴിൽ കഴിഞ്ഞ 2 വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക ഫാം ആണ്. തെങ്ങിൻ തൈ ഉൽപ്പാദനത്തിനു പുറമേ 28 ഓളം ഉൽപ്പന്നങ്ങൾ കർഷകർക്കും കൃഷിഭവനുമായി ഇവർ ഉൽപ്പാദിപ്പിച്ചു നൽകുന്നുണ്ട്. 

സംസ്ഥാന വൃക്ഷമായ തെങ്ങിന്റെ തൈ ഉൽപ്പാദനമാണ് ഫാമിന്റെ പ്രധാന ലക്ഷ്യം . അതു കൊണ്ട് തന്നെ വിവിധ ഇനങ്ങളിൽ പെട്ട നെടിയ ഇനം, കുറിയ ഇനം, സങ്കരയിനം തെങ്ങിൻ തൈകൾ കൃഷിഭവനുകൾക്കും കർഷകർക്കും വേണ്ടി ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. മികച്ച രീതിയിൽ തെങ്ങ് കൃഷി ചെയ്യുന്ന തൊട്ടിൽപ്പാലം, വടകര, പേരാമ്പ്ര, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നാണ് വിത്തു തേങ്ങകൾ സംഭരിക്കുന്നത്. തേങ്ങയിലെ ജലാംശം നഷ്ടപ്പെടാതെ 5 മാസത്തോളം മണലും, മണ്ണും, ചപ്പുചവറുകളുമിട്ട് മൂടി സൂക്ഷിക്കും. ഓഗസ്റ്റ് മാസത്തിൽ ബെഡ് ഒരുക്കി പാകുന്ന തൈകൾക്ക് ആവശ്യത്തിന് ജലസേചനവും നൽകും. 

കായലോരത്തും കടലോരത്തുമുള്ള തെങ്ങുകളുടെ പ്രധാന ശത്രുവാണ് തെങ്ങോല പുഴു. പലപ്പോഴും അജ്ഞത മൂലം ആളുകൾ ഇത്തരത്തിൽ കേടു വരുന്ന തെങ്ങുകൾക്ക് ഇത് ഒരു കുമിൾ രോഗമായി തെറ്റിദ്ധരിക്കാറുണ്ട്. തെങ്ങോലയിലെ ഹരിതകം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം തെങ്ങുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഓലയുടെ അടിയിൽ കൂടു കെട്ടിയിരിക്കുന്ന പുഴുവിനെ കാണാൻ കഴിയും. ഇതിനെ പ്രതിരോധിക്കാനുള്ള പരിസ്ഥിതി എഞ്ചിനീയറിങ്ങ് രീതിയാണ് തെങ്ങോല പുഴുവിനെ ആക്രമിച്ച് നശിപ്പിക്കുന്ന മിത്ര കീടങ്ങളെ ഇത്തരം തെങ്ങുകളിൽ നിക്ഷേപിക്കുന്നത്. ഇതിനു വേണ്ട രണ്ട് തരത്തിലുള്ള മിത്ര കീടങ്ങളെ ഫാമിന് കീഴിലുള്ള പാരസൈറ്റ് ബ്രീഡിങ്ങ് സ്റ്റേഷനിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട് . 

പാരസൈറ്റ് ബ്രീഡിങ്ങ് സ്റ്റേഷനിൽ നിന്ന് തെങ്ങോല പുഴുവിനെ തുരത്താനുള്ള ഈ മിത്ര കീടങ്ങളെ കേരളത്തിലെ മുഴുവൻ കേരകർഷകർക്കും സൗജന്യമായി ലഭിക്കും. 

അതുപോലെ തന്നെ കേരകർഷകർ നേരിടുന്ന മറ്റൊരു ഭീക്ഷണിയാണ് ചെല്ലിയുടെ ആക്രമണം. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന ജൈവ മിക്സ്ച്ചറും കർഷകർക്കായി ഫാമിൽ തയ്യാറാക്കി നൽകുന്നുണ്ട്. 

കാലത്തിനൊത്ത് കർഷകർ കൂടുതലായി ജൈവ കൃഷിയിലേക്ക് മാറാൻ തയ്യാറായയോടെ അവർക്ക് ആവശ്യമായ ജൈവ സാമഗ്രികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഫിറമോൺ കെണിയടക്കമുള്ളവയുടെ നിർമാണത്തിലേക്ക് ഫാം ശ്രദ്ധ പതിപ്പിച്ചത്. മാവ് കായ്ച്ച് മാങ്ങ പഴുക്കാനാകുമ്പോൾ അതിൽ പുഴു ഉണ്ടാകുന്ന അവസ്ഥ ദേശവിത്യാസമില്ലാതെ എല്ലാവരും നേരിടുന്ന പ്രശ്നമാണ്. അതുപോലെ തന്നെ പാവൽ, പടവലം, പയർ, തുടങ്ങിയ പച്ചക്കറി കൃഷികളിലും കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണം ഉണ്ടാകാറുണ്ട്. വിളകളെ ബാധിക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ജൈവിക മാർഗമാണ് ഫിറമോൺ കെണി.

100 രൂപയാണ് ഫിറമോൺ കെണിയുടെ വില. ജൈവ ഷോപ്പുകൾക്കും കടുതൽ എണ്ണം ഓർഡർ ചെയ്യുന്ന കർഷക കൂട്ടായ്മകൾക്കും 90 രൂപ നിരക്കിൽ ഫിറമോൺ കെണി നൽകും.ജൈവ വളങ്ങളും കർഷകർക്കായി ഇവിടെ ഉൽപാദിപ്പിച്ച് നൽകുന്നുണ്ട്. ട്രൈകോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളം കിലോയ്ക്ക് 50 രൂപ നിരക്കിലാണ് നൽകുന്നത്. ട്രൈകോഡെർമ വിരഡെ എന്ന മിത്രകുമിൾ ഉണ്ടാക്കിയെടുക്കാനുള്ള ഒരു ലബറോട്ടറിയും ഫാമിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 

ചകിരിചോർ കമ്പോസ്റ്റും കർഷകർക്ക് ഇവിടെ നിന്ന് കിലോയ്ക്ക് 10 രൂപ നിരക്കിൽ ലഭിക്കും. ചകിരിചോറിൽ പ്രേത്യേക അനുപാതത്തിൽ പ്ലൂറോട്ടസ്, യൂറിയ എന്നിവ ചേർത്താണ് ചകിരിചോർ കമ്പോസ്റ്റ് നിർമ്മിക്കുന്നത്. ഇതു കൂടാതെ നാടൻ പശുവിന്റെ മൂത്രവും ശീമകൊന്നയിലയും ചേർത്ത് ക്രാഷ് എന്ന പേരിൽ ജൈവ കീടനാശിനിയും ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. 100 മില്ലിക്ക് 40 രൂപയാണ് വില.

ഫാമിനെ കൂടുതൽ ലാഭകരമാക്കാൻ നടപ്പാക്കിയ പ്രവർത്തനങ്ങൾ വേറെയുമുണ്ട്. ഗ്രോബാഗ് യൂണിറ്റാണ് അതിലൊന്ന്. വർഷം 1 ലക്ഷത്തോളം ഗ്രോബാഗുകളാണ് മണ്ണും ചകിരിചോർ മിശ്രിതവും നിറച്ച് പച്ചക്കറി തൈകളോട് കൂടി ബാഗൊന്നിന് 80 രൂപ നിരക്കിൽ വിൽപ്പന നടത്തുന്നത്. ഫാമിന് കൂടുതൽ വരുമാനം നൽകുന്നതും ഗ്രോബാഗ് വിൽപ്പന തന്നെയാണ്.

സീസണനുസരിച്ച് വിവിധയിനം ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിൽപ്പനയാണ് മറ്റൊരു പ്രധാന പ്രവർത്തനം . ട്രേകളിൽ മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറും നിറച്ചാണ് ആവശ്യത്തിനുള്ള തൈകൾ ഉൽപ്പാദിപ്പിക്കുന്നത്. കൂടാതെ പുതിന, കറിവേപ്പ്, പപ്പായ, മുരിങ്ങ, കാന്താരി, ടിഷ്യു കൾച്ചർ വാഴ തുടങ്ങിയവയുടെ തൈകളും ഇവിടെ നിന്ന് കർഷകർക്ക് കുറഞ്ഞ വിലക്ക് ലഭിക്കും. കൃഷിയിടത്തിൽ പരിസ്ഥിതി എഞ്ചിനീയറിങ്ങിലൂടെ കീടങ്ങളെ നിയന്ത്രിക്കാനാഗ്രഹിക്കുന്ന കർഷകർക്ക് ഇതിനു വേണ്ട ബന്തി, വാടാമല്ലി, സൂര്യകാന്തി, ചോളം തുടങ്ങിയവയുടെ തൈകളും ഫാമിൽ ഉൽപ്പാദിപ്പിച്ച് നൽകുന്നുണ്ട്.

ഓഫീസുകളിലും വീട്ടിലും അകത്തും പുറത്തും വക്കാവുന്ന അലങ്കാര ചെടികളുടെ ഉൽപ്പാദനവും വിപണനവും വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഫാമിൽ നടപ്പാക്കിയ മറ്റൊരു പ്രവർത്തനമാണ്. സ്വീകരണമുറിയിലും കിടപ്പുമുറികളിലും ബാത്ത് റൂമുകളിലും ഒക്കെ വക്കാവുന്ന ഇത്തരം ചെടികൾ ധാരാളമായി ഓക്സിജൻ പുറപ്പെടുവിക്കും. ടെറേറിയം, കാക്റ്റ്സ്, സിങ്കോണിയം, വൈറ്റ് ലില്ലി, ഡ്രസീനാ, സ്പൈഡർ പ്ലാന്റ്, മദർ ഇൻലോ ടങ്ക്, ബാംബൂ തുടങ്ങിയ നിരവധി ഇനങ്ങൾ പോട്ടിങ്ങ് മിശ്രിതം നിറച്ച് വിവിധ തരത്തിലുള്ള ചട്ടികളിൽ ലഭിക്കും. കൂടാതെ വെർട്ടിക്കൽ ഗാർഡൻ ഒരുക്കാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ വെർട്ടിക്കൽ യൂണിറ്റുകൾ ചെടികളോട് കൂടി നൽകുന്നുമുണ്ട്. 

നൂതന കൃഷി രീതികൾ കണ്ടു മനസിലാക്കാനും പഠിക്കാനുമാഗ്രഹിക്കുന്നവർക്കായി വിവിധ കൃഷിരീതികളുടെ മാതൃക പ്രദർശന തോട്ടവും ഇവിടെ കാണാം. തിരി നന, തുള്ളി നന, അക്വാപോണിക്സ്, മഴ മറ, പോളി ഹൗസ്, ആധുനിക കോഴിക്കൂട്, മുയൽ കൂട് എന്നിവയെല്ലാം പരിമിതമായ സ്ഥലസൗകര്യങ്ങളിലാണെങ്കിൽ പോലും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളും കർഷകർക്കായി ഇവിടെ നടത്തപ്പെടുന്നുണ്ട്.

പരിമിതികളും പരാധീനതകളും ഏറെയുണ്ടെങ്കിലും മാതൃകാപരമായ പ്രവർത്തനമാണ് ഗവ. കോക്കനട്ട് ഫാം & നേഴ്സറി വൈറ്റിലയുടേത്. ഓരോ വർഷം പിന്നിടും തോറും കൂടുതൽ പ്രവർത്തന ലാഭം നേടുന്ന ഫാമിന് സ്വന്തമായി കൂടുതൽ സ്ഥലസൗകര്യവും ആവശ്യത്തിന് തൊഴിലാളികളെയും ലഭ്യമാക്കിയാൽ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വരുമാനവും കൂടുതൽ വൈവിധ്യവൽക്കരണവും നടത്താൻ സാധിക്കും എന്ന ആത്മവിശ്വാസം ആവോളമുണ്ട് ഫാമിലെ ഓരോ ജീവനക്കാർക്കും.

MORE IN NATTUPACHA
SHOW MORE