റബര്‍ ടാപ്പിങ് മെഷീന്‍ കണ്ടുപിടിച്ച കഥ; ജോസഫിന്‍റെയും ജിമ്മിയുടെയും ജീവിതകഥ

npc-tapper-t
SHARE

10 വർഷങ്ങൾക്കു മുൻപ്  യാതൊരു മുൻപരിചയവുമില്ലാതിരുന്ന 2 വ്യക്തികൾ. വ്യത്യസ്തമായ  കർമമേഖലകളിൽ രണ്ടു ദിക്കുകളിൽ കഴിഞ്ഞിരുന്നവർ. ഒരു നിയോഗം പോലെ അവിചാരിതമായി അവർ ഒരുമിച്ചു. ഒരു വലിയ ലക്ഷ്യത്തിനു വേണ്ടി. 

ത്യശൂർ ചേലക്കര സ്വദേശിയായ പി.വി. ജോസഫ്  കോയമ്പത്തൂരിൽ ഇലക്ട്രോണിക്സ് കമ്പനിയിലെ ടെക്നീഷ്യനായിരുന്നു. കൃഷിയോടുള്ള ഇഷ്ടം കൊണ്ട് ജോലി ഉപേക്ഷിച്ച് 15 വർഷങ്ങൾക്കു മുമ്പ് കൃഷിയിൽ സജീവമായി ഈ കർഷകൻ.  സ്വന്തമായുണ്ടായിരുന്ന മൂന്നേക്കർ സ്ഥലത്ത് റബ്ബർ കൃഷിയായിരുന്നു പ്രധാന വിള. മികച്ച  റബ്ബർ ടാപ്പർ കൂടിയായിരുന്ന ജോസഫ് തന്നെയാണ് ഈ മൂന്നേക്കറിലെ റബറും വെട്ടിയിരുന്നത്. കാർഷിക കുടുംബത്തിൽ ജനിച്ച കണ്ണൂർ ചെമ്പേരി സ്വദേശിയായ ജിമ്മി ജോസും  മികച്ചൊരു കർഷകനായിരുന്നു. വീട്ടിലെ റബറുകളുടെ  ടാപ്പിങ്ങും പച്ചക്കറി കൃഷിയും ഒക്കെ   വിദ്യാഭ്യാസകാലമത്രയും ചെയ്തിരുന്നു ജിമ്മി. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം 10 വർഷത്തോളം  മൾട്ടിനാഷണൽ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ ജോലി ചെയ്ത ജിമ്മി,  വർഷങ്ങളായി ബാംഗ്ലൂർ കേന്ദ്രമാക്കി കാർഷിക ഉപകരണങ്ങളുടെ വിതരണ സംരംഭം നടത്തുകയാണ്. 

ഇവർ തമ്മിലുള്ള ഏക സാമ്യം കൃഷിയോടും കാർഷിക സാങ്കേതിക മേഖലയോടുമുള്ള ഇഷ്ടം മാത്രം. പരസ്പരം ഒരു ബന്ധവുമില്ലായിരുന്നെങ്കിലും  രണ്ടു പേരുടെ മനസ്സിലും ഒരു ഒറ്റ ലക്ഷ്യവും വലിയൊരു  സ്വപനവുമുണ്ടായിരുന്നു.  കേരളത്തിലെ കാർഷികമേഖലയുടെ നട്ടെല്ലായ റബ്ബർ കൃഷിയിൽ, ടാപ്പിങ് സുഗമമാക്കാൻ കഴിയുന്ന,  അനുയോജ്യമായ യന്ത്ര സംവിധാനം കണ്ടു പിടിക്കുക . രണ്ടു പേരും തന്റേതായ വഴികളിലൂടെ അന്വേഷണവും പഠനവും തുടങ്ങി. പ്രായോഗിക തലത്തിലെ ഘട്ടത്തിലേക്ക്  ആദ്യമെത്തിയത് ജോസഫാണ്.

ടാപ്പിങ് മെഷീനു വേണ്ടിയുള്ള അന്വേഷണങ്ങൾക്കിടയിൽ  9 വർഷം മുൻപാണ്  ജിമ്മി അറിയുന്നത് ചേലക്കര സ്വദേശിയായ ജോസഫ് എന്നൊരാൾ ടാപ്പിങ്ങിന് അനുയോജ്യമാകുന്ന തരത്തിൽ ഒരു മെഷീൻ ഉണ്ടാക്കിയെടുത്തു എന്ന്. വിവരമറിഞ്ഞയുടൻ തന്നെ ജോസഫിനെ തേടിയെത്തി ജിമ്മി.              മെഷീൻ സൂക്ഷ്മ പരിശോധന നടത്തിയും റബ്ബർ ടാപ്പ് ചെയ്തും നോക്കിയ   ജിമ്മിക്ക്  ടാപ്പിങ്ങ് മെഷീന്റെ പ്രവർത്തന രീതിയും സാങ്കേതിക വിദ്യയും ഇഷ്ടപ്പെട്ടു. പക്ഷേ വിപണിയിലേക്ക് ഇറക്കാവുന്ന രൂപത്തിലായിരുന്നില്ല മെഷീൻ. പ്രായോഗികതലത്തിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങൾ അപ്പാഴുമുണ്ടായിരുന്നു. മെഷീന്റെ ഭാരം കുറയ്ക്കണം, വലുപ്പം കുറയണം, പാർട്ട്സുകൾ പലതും ഉയർന്ന നിലവാരമുള്ളതാകണം, കൂടുതൽ മരം വെട്ടാൻ ചാർജ് നിൽക്കുന്ന ഭാരം കുറഞ്ഞ ബാറ്ററി വേണം. മുൻ കാനയും പിൻ കാനയും പട്ടയോടൊപ്പം ചെത്തി മാറ്റാൻ കഴിയണം. അങ്ങനെ പലതും.... 

ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തി വലിയൊരു വിപണിയിലേക്ക് വ്യവസായിക അടിസ്ഥാനത്തിൽ ഉൽപാദനം നടത്തി മെഷീൻ എത്തിക്കാവുന്ന ഒരു സാഹചര്യത്തിലായിരുന്നില്ല ജോസഫ് അപ്പോൾ . പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും വേണ്ടി സ്വന്തമായുണ്ടായിരുന്ന മൂന്നേക്കർ സ്ഥലത്തിൽ രണ്ടര ഏക്കറും വിൽക്കേണ്ടി വന്നു ഈ കർഷകന്. നാട്ടുകാർ പലരും ജോസഫിന് വട്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്.  സുഹ്യത്തുക്കൾ പലരും ഭൂമി വിറ്റ് സാധ്യമാകാത്ത ഒരു കാര്യത്തിനു വേണ്ടി പണം ചെലവാക്കുന്നത് നിരുൽസാഹപ്പെടുത്തി കൊണ്ടിരുന്നു. പക്ഷേ അപ്പോഴും ജോസഫിന്റെ കഴിവിൽ 100 % വിശ്വാസമായിരുന്നു ഭാര്യയ്ക്കും മക്കൾക്കും. മുന്നോട്ടുള്ള ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും വഴിയില്ലാതെ പ്രതിസന്ധിയിലും സാമ്പത്തിക ബാധ്യതകളിലും പെട്ട ജോസഫിന്, അന്ന് സഹകരണത്തിന്റെ കൈ കൊടുത്തു ജിമ്മി. ഈ വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ അന്നു മുതൽ ഒരുമിച്ച് യാത്ര തുടങ്ങി ഇവർ. തുടർന്ന് ഇങ്ങോട്ട്  9 വർഷത്തെ പരീക്ഷണ ഗവേഷണങ്ങൾ വേണ്ടിവന്നു  100 % വും സംതൃപ്തമായ ഒരു മാതൃകയിലേക്ക് ഇവർക്ക് എത്താൻ. കാരണം ഒരു പ്രശ്നം  പരിഹരിക്കുമ്പോഴേക്കും അടുത്ത പ്രശ്നം ഉയർന്നു വന്നിരിക്കും. പല സംശയങ്ങൾക്കും ഉത്തരം തേടിയും മെറ്റീരിയലുകൾ അന്വേഷിച്ചും ഇന്ത്യക്ക് അകത്തും പുറത്തും ഏറെ അലയേണ്ടി വന്നു ഇവർക്ക് . 

മേക്ക് ഇൻ ഇന്ത്യ ഉപകരണമാണ് ഈ ഓട്ടോ ടാപ്പർ. 900 ഗ്രാമാണ് ഇതിന്റെ ഭാരം. മെഷീൻ പ്രവർത്തിപ്പിക്കാനാവശ്യമായ ഒരു മോട്ടർ, ഗിയർബോക്സ്, മരത്തിനുള്ളിലേക്ക് കൂടുതൽ കയറിപ്പോകാതിരിക്കാനുള്ള മെക്കാനിക്കൽ സെൻസർ, പട്ടയുടെ കനം ക്രമീകരിക്കാനുള്ള ലെവൽ കൺട്രോളർ, ബാലൻസിങ്ങ് വീൽ, പട്ട ചെത്താനായി  മൂന്ന്  ഇതളുകളുള്ള  ബ്ളേയ്ഡ്,    മുൻകാനയും പിൻ കാനയും ചെത്താനുള്ള സെക്കൻഡറി കട്ടർ, റബറിന്റെ ഇരു ഭാഗത്തേക്കും ടാപ്പ് ചെയ്യാൻ കഴിയുംവിധം മെഷീൻ പിടിക്കാനുള്ള ഹാൻഡിൽ, പവർ സ്വിച്ച്,  ഊർജം നൽകാനുള്ള ബാറ്ററി എന്നിവയാണ് ഓട്ടോ ടാപ്പറിലെ പ്രധാന ഘടകങ്ങൾ.

റബറിന്റെ വെട്ടു പട്ടയുടെ മേൽ ഭാഗത്ത് മെഷീൻ ചേർത്തുവച്ച് സ്വിച്ച് ഓണാക്കിയാൽ യാതൊരു ബലവും പ്രയോഗിക്കാതെ തന്നെ നിശ്ചിത കനത്തിൽ പട്ട അരിഞ്ഞു നീക്കുകയാണ് ഓട്ടോ ടാപ്പർ ചെയ്യുന്നത്. പട്ടയിലൂടെ യന്ത്രത്തെ നീക്കുക, അഥവാ ഓടിച്ചു കൊണ്ടു പോകുക മാത്രമാണ് കൈകൾ ചെയ്യേണ്ടത്. വെട്ടുന്ന സമയത്ത് മെഷീന്റെ ഭാരം പട്ടയിലാണ്. വട്ടത്തിൽ കറങ്ങുന്ന മൂന്ന് ബ്ളേയ്ഡുകളാണ് റബറിന്റെ പട്ട ചെത്തുന്നത്. ഒന്നര മില്ലീമീറ്റർ കനത്തിലാണ് പട്ട അരിയുന്നത്. മൂന്നു ദിവസം കൂടുമ്പോഴും , ആഴ്ച്ചയിൽ ഒരിക്കലും വെട്ടുന്നവർക്ക് ആവശ്യമനുസരിച്ച്  ബ്ളേയ്ഡു ക്രമീകരിച്ച് വെട്ടു പട്ട അരിയുന്നതിന്റെ കനം ക്രമീകരിക്കാം. മരത്തിന്റെ വണ്ണവും മൂപ്പുമനുസരിച്ച്  പാൽ പട്ട കൃത്യമായി മുറിഞ്ഞ് പാൽ ഒഴുകി വരും. കൂടുതൽ സമയം ഒരിടത്ത് തന്നെ ബ്ളേയ്ഡുകൾ പ്രവർത്തിച്ച് മരത്തിൽ മുറിവുണ്ടാകാതിരിക്കാനുള്ള  ക്രമീകരണവും ഈ ഓട്ടോ ടാപ്പർ മെഷീന്റെ പ്രത്യേകതയാണ്.

ബാറ്ററി പ്രേത്യേക കിറ്റിലാണ്. സൗകര്യമനുസരിച്ച് പോക്കറ്റിൽ ഇടുകയോ  കൂടയിൽ വക്കുകയോ ചെയ്യാം. 5000 MAHന്റെ 12 വോൾട്ട് ബാറ്ററിയാണ് ഇതിനുപയോഗിക്കുന്നത്. 4മണിക്കുർ കൊണ്ട് ബാറ്ററി ചാർജ് ചെയ്തെടുക്കാം.  ഒരു തവണ ബാറ്ററി ചാർജ് ചെയ്താൽ മരത്തിന്റെ വണ്ണമനുസരിച്ച് 400 മുതൽ 550 മരം വരെ ഒറ്റയടിക്ക് ടാപ്പ് ചെയ്യാം. കൂടുതൽ റബർ മരമുണ്ടെങ്കിൽ ചാർജുള്ള അധിക ബാറ്ററി കൈവശം  കരുതിയാൽ മതി. 

ഇനി ഓട്ടോ ടാപ്പറിന്റെ പ്രധാന സവിശേഷതകൾ കൂടി അറിയാം.

1. ഏത് ഇനം റബ്ബറും ടാപ്പ് ചെയ്യാം

2. പുതിയ തൈ മരം മുതൽ വെട്ടിമാറ്റാനായ റബ്ബർ വരെ ഓട്ടോ ടാപ്പർ ഉപയോഗിച്ച് ടാപ്പ് 

ചെയ്തെടുക്കാം

3. അധ്യാന ഭാരവും ക്ഷീണവുമില്ലാതെ ആയാസരഹിതമായി ടാപ്പ് ചെയ്യാം

4. സാധാരണ റബ്ബർ കത്തി ഉപയോഗിച്ചുള്ള ടാപ്പിങ്ങിനെക്കാൾ 30% കാര്യക്ഷമത കൂടുതൽ 

5. 500 റബ്ബർ വെട്ടുന്ന ഒരാൾക്ക് ഓട്ടോ ടാപ്പറുപയേഗിക്കുമ്പോൾ 700 മരം വരെ വെട്ടാം.

6. റബ്ബറിന്റെ തടിയിൽ സാധാരണ കത്തി കയറി ഉണ്ടാകുന്ന മുഴകൾ അഥവാ കായം വീഴുന്നത് 90% വരെ ഒഴിവാക്കാം.

7. ഓട്ടോ ടാപ്പറുപയോഗിച്ച്  മുഴകൾ ഇല്ലാത്ത ടാപ്പിങ്ങ് സാധ്യമാകുന്നതു വഴി റബർ മരത്തിന്റെ ടാപ്പിങ്ങ്  ആയുസ്സ്  നേരെ ഇരട്ടിയാക്കിയെടുക്കാം

8 . വിദഗ്ധ പരിശീലനമില്ലാതെ ആർക്കും റബർ ടാപ്പ് ചെയ്യാം. സ്ത്രീകൾക്കു പോലും ഈ മെഷീൻ അനായാസം കൈകാര്യം ചെയ്യാൻ കഴിയും.

7,900 രൂപയാണ് ഓട്ടോ ടാപ്പർ മെഷീന്റെ വില. ഒരു വർഷത്തെ വാറണ്ടിയാണ് കമ്പനി നൽകുന്നത്.  മെഷീനുള്ളിലെ ബ്ളേയ്ഡ് അഴിച്ച് മൂർച്ച കൂട്ടാൻ പറ്റില്ല. മാറ്റി പുതിയ ബ്ളേയ്ഡ് പിടിപ്പിക്കുകയാണ് ചെയ്യുന്നത്.  400 മരം ശരാശരി വെട്ടുന്ന ഒരു തോട്ടത്തിൽ 90 ദിവസത്തെ ടാപ്പിങ്ങിന് ഒരു ബ്ളേയ്ഡ് ധാരാളം മതിയാകും. ഒരു വർഷത്തെ സീസൺ കണക്കാക്കുമ്പോൾ വർഷത്തിൽ രണ്ട്  ബ്ളേയ്ഡുകൾ ആവശ്യം വരാം. ബ്ളേയ്ഡിന് നിലവിൽ 400 രൂപയാണ് വില. കമിഴ്ത്തി വെട്ടും ഈ മെഷീൻ കൊണ്ട് സാധ്യമാണെങ്കിലും ഇതിനു വേണ്ടി കൂടുതൽ സൗകര്യപ്രദമായ  പ്രേത്യേക മെഷീൻ ഇവർ രൂപപ്പെടുത്തി കഴിഞ്ഞു. 

റബ്ബർ ബോർഡ് നടത്തിയ ടാപ്പിങ്ങ് മെഷീൻ മൽസരത്തിൽ ഓട്ടോ ടാപ്പർ മികച്ച മാതൃകകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ 

ബംഗ്ളൂരുവിലുള്ള പ്ലാന്റിലാണ് മെഷീൻ നിർമ്മിക്കുന്നത്. കേരളത്തിലെ പ്രമുഖ കാർഷികോപകരണ വിപണന ശാലകളിൽ എല്ലാം തന്നെ ഓട്ടോ ടാപ്പർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഓട്ടോ ടാപ്പറിന് ഇൻഡ്യൻ പേറ്റന്റും രാജ്യാന്തര പേറ്റന്റും നേടി കഴിഞ്ഞ ഇവർ വൈകാതെ തന്നെ വിദേശ വിപണികളിലേക്കും മെഷീൻ എത്തിക്കാനുള്ള പരിശ്രമത്തിലാണ്.

MORE IN NATTUPACHA
SHOW MORE