പ്രണയിനിക്കായി കിരീടമഴിച്ച് സുല്‍ത്താന്‍; മലേഷ്യയിലിത് ചരിത്രം

malaysian-sultlan-love-story
SHARE

പ്രണയസാഫല്യത്തിനായി കിരീടം വലിച്ചെറിഞ്ഞ സുല്‍ത്താൻ.  മലേഷ്യയുടെ രാജ് സുല്‍ത്താന്‍ മുഹമ്മദാണ് രാജ്യത്തിന്‍റെ അറുപത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി രാജപദവി വച്ചൊഴിഞ്ഞത്. റഷ്യന്‍ സുന്ദരിയുമായുള്ള വിവഹത്തെത്തുടര്‍ന്ന് രാജകുടുംബത്തിലുയര്‍ന്ന അസ്വാരസ്യങ്ങളാണ് സുല്‍ത്താന്‍റെ രാജിയിലേക്ക് നയിച്ചത്. പുതിയ രാജാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നു ക്വലാലംപൂര്‍. 

ഒക്സാന വിവോഡിന. ഇരുപത്തിയഞ്ചുകാരിയായ റഷ്യന്‍ സൗന്ദര്യറാണി  നാല്‍പ്പത്തിയൊമ്പതുകാരന്‍ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍റെ മനം കവര്‍ന്നിട്ട് നാളേറെയായി. മിസ് മോസ്കോയും റിയാലിറ്റി ഷോ താരവുമാണ് വിവോഡിന. സുല്‍ത്താന്‍റെ പ്രണയം നവംബറില്‍ ഇരുവരുടെയും വിവാഹത്തില്‍ കലാശിച്ചു. 

മോസ്കോയില്‍ നടന്ന ആഡംബര വിവാഹം ഏറെ മാധ്യമശ്രദ്ധയും നേടി.  ബാര്‍വിക ലക്ഷ്വറി വില്ലേജില്‍ പരമ്പരാഗത റഷ്യന്‍ ശൈലിയിലായിരുന്നു വിവാഹം.  മദ്യം ഒഴിവാക്കിയിരുന്ന വിരുന്നില്‍ ഹലാ‍ല്‍ ഭക്ഷണമമാണ് അതിഥികള്‍ക്ക് വിളമ്പിയത്. ഈ വര്‍ഷമാദ്യം തന്നെ മതപരിവര്‍ത്തനം നടത്തിയ വിവോഡിന റിഹാന ഒക്സാന ഗോര്‍ബറ്റെന്‍കോ എന്ന് പേരും മാറ്റി.

വിവാഹവാര്‍ത്ത നാടെങ്ങും ചര്‍ച്ചയായിട്ടും ഇസ്താന നെഗാര കൊട്ടാരം പ്രതികരിച്ചില്ല. രാജകുടുംബത്തിന്‍റെ അസംതൃപ്തിയും ഇതോടെ പരസ്യമായി. 

2017 ഏപ്രിലിലാണ്  സുല്‍ത്താന്‍ മുഹമ്മദ് മലേഷ്യയുടെ രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്‍റെ ഭരണഅധികാരം പ്രധാനമന്ത്രിയിലും പാർലമെന്റിലും നിക്ഷിപ്‌തമാണ്.  പക്ഷെ,  ആലങ്കാരിക പദവി മാത്രമാണെങ്കിലും മലേഷ്യക്കാര്‍ ഏറെ ആദരവോടെയാണ് സുല്‍ത്താനെ കാണുന്നത്. 

1957ൽ സ്വാതന്ത്യ്രം നേടിയതിനെത്തുടർന്ന് ഒൻപതു പരമ്പരാഗത മലയ് രാജകുടുംബങ്ങൾ മാറിമാറിയാണു രാജസ്‌ഥാനം വഹിക്കുന്നത്. രാജ്യത്തെ ഒൻപതു രാജകുടുംബങ്ങളും ചേർന്നാണു രാജാവിനെ തിരഞ്ഞെടുക്കുന്നത്. ഭരണഘടനയനുസരിച്ച് ഒൻപതു സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ഊഴമനുസരിച്ചു രാജാവാകും.

അഞ്ചു വർഷമാണ് കാലാവധി. പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണം, ദയാഹര്‍ജികളില്‍ തീരുമാനമെടുക്കല്‍ തുടങ്ങി നിര്‍ണായകമായ ചില ചുമതലകള്‍ രാജാവാണ് നിര്‍വഹിക്കുന്നത്. 1990ല്‍ ആദ്യം അധികാരത്തിലെത്തിയപ്പോള്‍ മഹാതീര്‍ മുഹമ്മദാണ്  രാജാവിന്‍റെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കിയത്. 

രണ്ടാംവരവില്‍ മഹാതീര്‍ മുഹമ്മദിന് സത്യവാചകം ചൊല്ലിക്കൊടുത്തത് സുല്‍ത്താന്‍ മുഹമ്മദാണ്. സ്വവർഗബന്ധത്തിനും അഴിമതിക്കും ജയിലിലായ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന് മാപ്പു നല്കിയതും അദ്ദേഹമാണ്.

രാജ്യത്തിന്‍റെ പരമ്പരാഗത ഇസ്ലാമിക പാരമ്പര്യത്തിന്‍റെ പ്രതീകമായാണ് മുസ്ലീം ഭൂരിപക്ഷ രാജ്യമായ മലേഷ്യ രാജപദവിയെ കാണുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ നേതാക്കള്‍ക്കും കൊട്ടാരത്തെ പൂര്‍ണമായി അവഗണി്ക്കാനാവില്ല. പ്രതിവര്‍ഷം 13.5 മില്യണ്‍ മലേഷ്യന്‍ റിംഗിറ്റാണ് സര്‍ക്കാര്‍ രാജാവിന് ശമ്പളമായി നല്‍കുന്നത്. ജനങ്ങളുടെ നികുത്തിപ്പണത്തില്‍ നിന്നാണ് ഈ ശമ്പളം കൊട്ടാരത്തിലേക്കെത്തുന്നത്. 

കാലാവധി പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിയുന്ന ആദ്യ രാജാവാണ് സുല്‍ത്താന്‍ മുഹമ്മദ്. 2004 ല്‍ തായ് യുവതിയെ വിവാഹം ചെയ്തിരുന്നു ഇപ്പോഴത്തെ രാജാവ്. ആദ്യ ഭാര്യയ്ക്ക് എന്തു സംഭവിച്ചു എന്നത് അജ്ഞാതമാണ്.  ജനുവരി ആദ്യം രാജാവിന്‍റ രാജി കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.  സുല്‍ത്താന്‍ മുഹമ്മദ് സ്ഥാനമൊഴിയുന്നു, ഭരണത്തില്‍ സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറയുന്നു.  

ജന്മനാടായ കേലന്‍ടനിലേക്ക് അദ്ദേഹം മടങ്ങുന്നു. ഇത്രമാത്രം പറയുന്ന പ്രസ്താവന അദ്ദേഹത്തിന്‍റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഒന്നും പറഞ്ഞില്ല.  സുല്‍ത്താന്‍റ പ്രണയെത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും തയാറായില്ല. 

വിവാഹത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ മാത്രമല്ല സുല്‍ത്താന്‍ മുഹമ്മദിന്‍റെ രാജിക്ക് കാരണമെന്നാണ് സൂചന. പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായ ഭിന്നതകളും  പരസ്യമായിരുന്നു.  മഹാതീറിന്‍റെ രണ്ടാംവരവില്‍ അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ വൈകിച്ചത് സുല്‍ത്തനാണ്. 

അറ്റോർണി ജനറലായി മലേഷ്യൻ മലയാളിയായ ടോമി തോമസിനെ നിയമിക്കുന്നതിലും രാജാവിന് വിയോജിപ്പുണ്ടായിരുന്നു. മുസ്‌ലിം സമുദായാംഗത്തിനു മാത്രമേ ഈ പദവി നൽകാവൂവെന്ന ഇസ്‌ലാമിക സംഘടനകളുടെ ആവശ്യത്തിനൊപ്പമായിരുന്നു സുല്‍ത്താന്‍. 

നജീബ് റസാക്കിന്റെ നേതൃത്വത്തിലുള്ള മുൻസർക്കാരിരിന്റെ കാലത്തെ വൻ സാമ്പത്തിക തിരിമറി ഉൾപ്പെടെയുള്ള കേസുകളിലെ വിചാരണയുടെ ഉത്തരവാദിത്തം ടോമി തോമസിനെത്തന്നെ ഏല്‍പ്പിക്കണം എന്ന മഹാതീറിന്‍റെ നിലപാടിന് ഒടുവില്‍ അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു. വിവാദങ്ങള്‍ അവസാനിപ്പിച്ച് സുല്‍ത്താന്‍ മുഹമ്മദും ഭാര്യയയും മധുവിധുവിന് പോയിക്കഴിഞ്ഞു. ജനുവരി അവസാനവാരം യോഗം ചേരുന്ന മലയ് രാജകുടുംബാംഗങ്ങള്‍ പുതിയ രാജാവിനെ തിരഞ്ഞെടുക്കും.

MORE IN LOKA KARYAM
SHOW MORE