യമനിലെ ‘ഭക്ഷണകവാട’ത്തില്‍ വെടിനിര്‍ത്തല്‍; ആശ്വാസം, പ്രതീക്ഷ

yemen-logakaryam
SHARE

ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ യമന് ചെറിയ പ്രതീക്ഷകള്‍ നല്‍കി ഹൂതി വിമതരും സര്‍ക്കാരും തമ്മില്‍ വെടിനിര്‍ത്തല്‍. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പും പൊരിഞ്ഞ പോരാട്ടമാണ്  തുറമുഖ നഗരമായ ഹുദൈദയിലുണ്ടായത്.  പട്ടിണിമരണത്തിന്‍റെ വക്കിലെത്തിയ ലക്ഷങ്ങള്‍ക്ക് അവശ്യവസ്തുക്കളെത്തിക്കാനാണ് യുഎന്‍ മുന്‍കൈയെടുത്ത വെടിനിര്‍ത്തല്‍.

അവസാനിപ്പിക്കും മുമ്പുള്ള കൂട്ടപ്പൊരിച്ചിലായിരുന്നു ഹുദൈദയില്‍.  വെടിവയ്പും മിസൈല്‍ ആക്രമണവും ഇരുട്ടിവെളുക്കുവോളം തുടര്‍ന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന്‍റെ തൊട്ടുതലേന്നത്തെ ഈ പോരാട്ടം യമനിലെ ആഭ്യന്തരയുദ്ധത്തിന്‍റെ യഥാര്‍ഥ ചിത്രം പറഞ്ഞുവയ്ക്കുന്നു. hold സ്വീഡനില്‍ യുഎന് മധ്യസ്ഥതയില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹൂതി വിമതരും സര്‍ക്കാരും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണായയത്. ഹുദൈദ തുറമുഖം വഴിയുള്ള ചരക്കുനീക്കം തടഞ്ഞതോടെ ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണിയാല്‍ മരിക്കുമെന്നായി. ഇതോടെയാണ് രാജ്യാന്തരസമൂഹം ഇടപെട്ടത്.  ആഭ്യന്തരയുദ്ധം സര്‍വനാശം വിതച്ച രാജ്യത്ത്  ഹൊദൈദയില്‍ മാത്രമാണ് ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.  എങ്കിലും ഇതൊരു നല്ല തുടക്കമായാണ് യു.എന്‍ വിലയിരുത്തുന്നത്. സെക്രട്ടറിജനറല്‍ പറഞ്ഞത് ശരിയാണ്. യുദ്ധത്തിന്‍റെ പിടിയില്‍ നിന്ന് യമനെ മോചിപ്പിക്കണമെങ്കില്‍ ഇനിയുമേറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു.  ആഭ്യന്തരയുദ്ധം യമന്‍റെ ആഭ്യന്തര പ്രശ്നം മാത്രമല്ല, മേഖലയിലെ രണ്ട് വന്‍ ശക്തികളുടെ അഭിമാനപ്രശ്നവുമാണ്. 

സൗദി അറേബ്യയുടെ പിന്തുണയുള്ള സര്‍ക്കാരും ഇറാന്‍റെ പിന്തുണയുള്ള വിമതരും തമ്മിലാണ് പോരാട്ടം.  അറബ് വസന്തകാലത്ത് ഏകാധിപതി അലി അബ്ദുല്ല സാലെയെ പുറത്താക്കിയതോടെയാണ് യമന്‍ ആഭ്യന്തസംഘര്‍ഷം പുതിയ രൂപം കൈക്കൊണ്ടത്. 2011 ല്‍ അധികാരമേറ്റ അബ്ഡ്രാബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും അഴിമതിയും അതിരുവിട്ടതോടെ സെയ്ദി ഷിയാ ന്യൂനപക്ഷത്തിന്‍റെ ഹൂതി പ്രസ്ഥാനം കരുത്താര്‍ജിച്ചു. വളരെപ്പെട്ടന്ന തലസ്ഥാനമായ സനയും തുറുമുഖപട്ടണമായ ഹുദൈദയുമെല്ലാം പിടിച്ചടക്കി  ഹൂതി വിമതര്‍.

 ഔദ്യോഗിക ഭരണകൂടത്തിന് ഏഡനിലേക്ക് പിന്‍വാങ്ങേണ്ടി വന്നു. മുന്‍ ഏകാധിപതി  അബ്ദുല്ല സാലെയോട് വിധേയത്വം പുലര്‍ത്തിയിരുന്ന സൈനികവിഭാഗത്തിന്‍റെ പിന്തുണകൂടിയായപ്പോള്‍  പ്രസിഡന്‍റ് ഹാദിക്ക് രാജ്യം വിടേണ്ട സ്ഥിതിയായി. മേഖലയിലെ ഷിയാ രാജ്യമായ ഇറാന്‍റെ പിന്തുണയാണ് ഹൂതി കരുത്തിന് അടിസ്ഥാനമെന്നറിഞ്ഞതോടെ സുന്നി കരുത്ത് തെളിയിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യരാജ്യങ്ങഴ്‍ ഹാദി സര്‍ക്കാരിന് പിന്തുണയുമായി കളത്തിലിറങ്ങി.  അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുമായി സൗദി പട്ടാളമെത്തിയോടെ ആഭ്യന്തര സംഘര്‍ഷം തുറന്ന യുദ്ധമായി മാറി.  

2017 ല്‍ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതി മിസൈലുകള്‍ പറന്നതോടെ സൗദി യമനുമേലുള്ള പിടിമുറുക്കി. യുദ്ധനിയമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി കരയിലും കടലിലും യമനികളെ കൊന്നൊടുക്കി സൗദി അറേബ്യ. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളുടെ കേന്ദ്രമായി യമന്‍ എന്ന കുഞ്ഞുരാജ്യം.  ഏഴായിരത്തിനടുത്ത് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തോളം പേര്‍ക്ക് പരുക്കേറ്റു. 84 ലക്ഷം പേര്‍ പട്ടിണിയിലായി. ഇതില്‍ നാലുലക്ഷം അഞ്ചുവയസില്‍ താഴേയുള്ള കുഞ്ഞുങ്ങളും. 

രാജ്യത്തിന്‍റെ ജീവനാഡിയായ ഹുദൈദ തുറമുഖം പോരാട്ട കേന്ദ്രമായതോടെയാണ് സാധാരണക്കാരുടെ ജീവിതം  അതിദയനീയമായത്.ചരക്കുനീക്കം തടഞ്ഞുള്ള യുദ്ധം മര്യാദയുടെ സകല അതിരുകളും ലംഘിച്ചതോടെയാണ് യുഎന്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ സജീവമായത്. താല്‍ക്കാലികമാണെങ്കിലും ഈ വെടിനിര്‍ത്തല്‍ പട്ടിണിമരണത്തില്‍ നിന്ന് ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കുമെന്നാണ് പ്രതീക്ഷ.

യമന്‍ പോരാ‍ട്ടത്തെ അഭിമാനപ്രശ്നമായെടുത്തിരിക്കുന്ന സൗദി അറേബ്യക്ക് പക്ഷെ മറ്റൊരു അടി കിട്ടി പോയവാരം. യമന്‍ യുദ്ധത്തിന് നല്‍കി വന്ന സഹായങ്ങളെല്ലാം പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയ്ക്കുള്ള പങ്കാണ് യു.എസ് സെനറ്റിന്‍റെ ഐകകണ്ഠേനയുള്ള പ്രമേയത്തിലേക്ക് നയിച്ചത്.  പ്രസിഡന്‍റ് ട്രംപിന്‍റെ വിയോജിപ്പ്  കണക്കിലെടുക്കാതെയാണ് സെനറ്റിന്‍റെ  അസാധാരണ    നടപടി. 

ഡോണള്‍ഡ് ട്രംപിന്‍റെ പ്രിയ സുഹൃത്ത് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ സൗദി അറേബ്യയുമായുള്ള ബന്ധം അമേരി്ക്കയ്ക്ക് ബാധ്യതായവുകയാണെന്ന് അദ്ദേഹ്തതിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെ പാര്‍ലമെന്‍റില്‍ പറഞ്ഞു. ജമാല്‍ ഖഷോഗിയുടെ ചോരയ്ക്ക് സൗദി ഭരണകൂടം മറുപടി പറഞ്ഞേ മതിയാകൂ.  സഖ്യരാജ്യമെന്ന നിലയില്‍ അമേരിക്കന്‍ പ്രതീക്ഷകള്‍ക്ക് വിപരീതമാണ് സൗദിയുടെ പ്രവര്‍ത്തനങ്ങള്‍. സെനറ്റ് വിലയിരുത്തി. 

യമന്‍ യുദ്ധത്തിന് നല്‍കി വന്ന സഹായം പിന്‍വലിച്ചുകൊണ്ട്ണ് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് യുഎസ് സൗദിക്ക് ആദ്യ ശിക്ഷ നല്‍കിയത്. നേരിട്ട് യുദ്ധത്തില്‍ പങ്കാളികളല്ലെങ്കിലും ആയുധങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങളുമടക്കം അമേരിക്ക സൗദി സഖ്യത്തിന് നല്‍കി വന്ന സഹായം വളരെ വലുതായിരുന്നു. 

സൗദിയുടെ മനുഷ്യാവകാശലംഘനങ്ങളില്‍ മനംമടുത്ത യുഎസ് ഏജന്‍സികള്‍ ഇത് അവസാനിപ്പിക്കണമെന്ന് പലതവണ അഭിപ്രായപ്പെട്ടെങ്കിലും വാഷിങ്ടണ്‍ വഴങ്ങിയിരുന്നില്ല.  ജമാല്‍ ഖഷോഗിയുടെ കൊലപാതകം കാര്യങ്ങള്‍ മാറ്റിമറിച്ചു. ഖഷോഗിയുെട കൊലപാതകത്തിന്‍റെ ഉത്തരവാദി മുഹമ്മദ് ബിന്‍  സല്‍മാനാണെന്ന പ്രമേയം പാസാക്കിയശേഷമാണ് സൈനിക സഹായം നിര്‍ത്തലാക്കാന്‍ സെനറ്റ് തീരുമാനിച്ചത്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെയുള്ള പ്രമേയം. 

ഖഷോഗിയുടെ നിഷ്ഠൂര കൊലപാതകത്തിന് ശേഷവും മുഹമ്മദ് ബിന്‍ സല്‍മാനെ കൈവിടാതിരുന്ന പ്രസിഡന്‍റ് ട്രംപിനും അടിയായി സെനറ്റ് തീരുമാനം. സൈനിക നീക്കങ്ങള്‍ സംബന്ധിച്ചപ്രസിഡന്‍റിനുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കവും കൂടിയായിരുന്നു യമന്‍ സംബന്ധിച്ച സെനറ്റിന്‍റെ പ്രമേയം.  1973 ലെ യുദ്ധാധികാര നിയമം  വിയറ്റ്നാം യുദ്ധശേഷം ഇതാദ്യമായാണ് പ്രയോഗിക്കപ്പെടുന്നത്. അതേസമയം അമേരിക്കന്‍ നടപടിക്കെതിരെ സൗദി ശക്തമായി രംഗത്തെത്തി. 

തികച്ചും അവാസ്ഥവമായ വിവരങ്ങളുടെ അടിസ്ഥാന്തതിലാണ് സെനറ്റ് നടപടിയെന്ന് റിയാദ് കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധത്തെയും സൗഹൃദാന്തരീക്ഷത്തെയും തടസപ്പെടുത്തുന്ന നടപടിയെ ശക്തമായി അപലപിച്ച സൗദി സര്‍ക്കാര്‍ മധ്യപൂര്‍വദേശത്തെ ഭീകരവിരുദ്ധപോരാട്ടത്തിന് തങ്ങള്‍ നല്‍കുന്ന സഹായം അമേരിക്ക വിസ്മരിക്കരുതെന്ന് അഭിപ്രായപ്പെട്ടു.  യമനില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റം മധ്യപൂര്‍വേശത്തെ സൈനിക, നയതന്ത്ര സമവാക്യങ്ങളില്‍ ആകെ മാറ്റമുണ്ടാക്കുമോയെന്നാണ് പുതുവര്‍ഷത്തില്‍ ലോകം ഉറ്റുനോക്കുന്നത്. 

MORE IN LOKA KARYAM
SHOW MORE