ബ്രെക്സിറ്റ്: തെരേസാ മേയുടെ ഒളിച്ചുകളി

theresa-may
SHARE

വോട്ടെടുപ്പില്‍ പരാജയം ഉറപ്പായതോടെ ബ്രെക്സിറ്റില്‍ തെരേസാ മേയുടെ ഒളിച്ചുകളി.  മേ തയ്യാറാക്കിയ ബ്രെക്സിറ്റ് കരാറിന്‍മേല്‍ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചു. ഭരണപക്ഷത്ത നൂറോളം എം.പിമാര്‍തന്നെ കരാറിന് എതിരാണെന്ന് വ്യക്മായതടോയാണ് തെരേസാ മേയുടെ തന്ത്രപരമായ തീരുമാനം. ജനുവരി 21നുള്ളില്‍ എന്നുവേണമെങ്കിലും ഇനി വോട്ടെടുപ്പ് നടത്താം. 

തെരേസ മേയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.  ബ്രെക്സിറ്റ് തര്‍ക്കത്തിനൊടുവില്‍ സ്വന്തം പാര്‍ട്ടിക്കുളളില്‍ മേയ്ക്കെതിരെ അവിശ്വാസപ്രമേയം വന്നിരിക്കുന്നു. മേയുടെ നേതൃത്വം ചോദ്യം ചെയ്യുന്ന 48 കത്തുകള്‍ ലഭിച്ചെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.  പാര്‍ലമെന്‍റില്‍   ബ്രെക്സിറ്റ് കരാറിന് അംഗീകാരം തേടിയുള്ള വോട്ടെടുപ്പ് മാറ്റി വയ്ക്കാനുള്ള തീരുമാനത്തോടെയാണ് സ്വന്തം പാര്‍ട്ടിക്കാര്‍ മേയ്ക്കെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങിയത്. 

ഇങ്ങനെയൊരവസ്ഥയില്‍ ഈ കരാര്‍ വോട്ടിനിട്ടാല്‍ അമ്പേ പരാജയപ്പെടും. അതുകൊണ്ട് പാര്‍ലമെന്റില്‍ വിഭജനമുണ്ടാക്കുന്ന വോട്ടെടുപ്പ് നമുക്ക് മറ്റൊരുദിവസത്തേക്ക് മാറ്റിവയ്ക്കം. തെരേസാ മേയുടെ ഈ വാക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഏറ്റവും മികച്ചതെന്ന് അവര്‍തന്നെ അവകാശപ്പെട്ട കരാര്‍   സ്വന്തം നാട്ടില്‍ സ്വീകാര്യമാണെന്നതിന് മേയ്ക്ക് പോലും ഒരുറപ്പുമില്ല. സ്വന്തം പാര്‍ട്ടിക്കാര്‍പോലും കയ്യൊഴിഞ്ഞ  കരാറില്‍ പരിഹരിക്കാന്‍ സാധിക്കുന്ന ചെറിയ ചില തര്‍ക്കങ്ങള്‍ മാത്രമാണുള്ളതെന്നാണ് മേ പറയുന്നത്. ഉത്തര അയര്‍ലന്‍ഡിന്റെ പേരില്‍മാത്രമാണതെന്നും മെയ് പറഞ്ഞുവയ്ക്കുന്നു. 

എന്നാല്‍ അയര്‍ലന്‍ഡ് വ്യവസ്ഥമാത്രമല്ല ബ്രിട്ടനെ പൂര്‍ണമായും തളര്‍ത്തുന്നതാണ് യൂറോപ്യന്‍ യൂണിയന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് തെരേസാ മേ നെയ്തെടുത്ത കരാറെന്നാണ് പാര്‍ലമെന്റ് അംഗങ്ങളും  ബ്രിട്ടിഷ് ജനതയും ഒരുപോലെ പറയുന്നത്. വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള തീരുമാനത്തെ 'നിരാശാജനകമായ നടപടി' എന്നാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ വിശേഷിപ്പിച്ചത്. വോട്ടെടുപ്പിൽ മേയുടെ പരാജയം ഏതാണ്ട് ഉറപ്പായതോടെ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത ഉയർന്നുവന്നിരുന്നു. അങ്ങനെയെങ്കിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലേബർ പാർട്ടി.

വിഷമവൃത്തത്തിലായിരുന്ന തെരേസാമേ കരാര്‍വ്യവസഥകളില്‍ മാറ്റംവരുത്താന്‍  യൂറോപ്യന്‍ യൂണിയന്‍പ്രതിനിധികളുമായി ടെലഫോണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. ഇതിനിടെ യൂറോപ്പിലെ നീതിന്യായകോടതി മേയ്ക്ക് അല്‍പം ആശ്വാസം നല്‍കുന്ന വിധി പുറപ്പെടുവിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം തിരുത്തണമെങ്കില്‍ ബ്രിട്ടന്  ആരുടെയും അനുവാദം ആവശ്യമില്ല. സ്വയം തീരുമാനമെടുത്ത് പഴയപടി യൂറോപ്യന്‍ യൂണിയനൊപ്പംതന്നെ നില്‍ക്കാം. ഇതുതന്നെയാണ് ഇപ്പോള്‍ ഭൂരിപക്ഷംവരുന്ന ബ്രിട്ടിഷ് ജനതയും പറയുന്നത്. ബ്രിട്ടന്റെ നല്ലഭാവിക്കുവേണ്ടി ബ്രെക്സിറ്റ് തീരുമാനം ഉപേക്ഷിക്കണം. ഇതിന് തെളിവായിരുന്നു വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണിക്കൂറുകളില്‍പോലും വെസ്റ്റ് മിനിസ്റ്ററിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ കണ്ടപ്രതിഷേധങ്ങള്‍.

വോട്ടെടുപ്പ്  അടുത്ത ആഴ്ച മുതൽ ജനുവരി ആദ്യം വരെ നീളാം. ജനുവരി 21 ആണ്  അവസാനതിയതി. വോട്ടെടുപ്പ് വൈകുമെന്ന വാർത്ത പുറത്തുവന്നതോടെ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ചെകുത്താനും കടലിനും നടുവിലാണ് തെരേസാ മേ. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച കരാര്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുത്ത്  അസാധ്യമാണ്. നിലവിലുള്ള കരാറിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം നേടാനായില്ലെങ്കില്‍ മെയ്ക്ക്  പ്രധാനമന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. ബ്രെക്സിറ്റില്‍ മറ്റൊരു ജനഹിത പരിശോധനയ്ക്കാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും.യൂറോപ്യന്‍ യൂണിയന്‍ എതിരാണെങ്കിലും നീതിന്യായകോടതിയുടെ വിധി മാത്രമാണ് തെരേസാ മേക്ക് അല്‍പമെങ്കിലും ആശ്വാസം. ബ്രെക്സിറ്റ് കുരുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ ഇനിയുമേറെ ദൂരം താണ്ടണം ബ്രിട്ടന്. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.